ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സീതാരാമത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ ഹൈദരാബാദില്‍ വെച്ചാണ് പുറത്തിറക്കിയത്.
ട്രെയ്ലര്‍ ലോഞ്ചിങ് വേദിയില്‍ വെച്ച് സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രണയ നായകന്‍ എന്ന വിളി തനിക്ക് മടുത്തെന്നും പ്രണയ ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ നില്‍ക്കുന്ന സമയമാണ് സീതാരാമം എന്ന സിനിമയുടെ കഥ വന്നതെന്നും സിനിമയുടെ കഥ അതിമനോഹരമായതിനാല്‍ മാത്രമാണ് ഒഴിവാക്കാന്‍ കഴിയാഞ്ഞത് എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.
ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്നും താരം വ്യക്തമാക്കി. പ്രേക്ഷകരും താന്‍ മാസ് സിനിമകള്‍ ചെയ്യാറില്ല എന്ന് പരാതി പറയുന്നുണ്ട് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘റൊമാന്റിക് ഹീറോ എന്ന വിളി കേട്ട് മടുത്തു. അത് കാരണം എനിക്ക് പ്രണയ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. ആ സമയത്താണ് ഈ കഥ എന്റെ അടുത്ത് എത്തുന്നത്. കഥ അതിമനോഹരമാണ്, ഒരു എപിക് ആണ്, ക്ലാസിക് ആണ്. അതിനാല്‍ അവസാനമായി ഒരെണ്ണം കൂടി ചെയ്യാം എന്ന് കരുതി. ഇത് ഞാന്‍ ചെയ്യുന്ന അവസാന പ്രണയ ചിത്രമായിരിക്കും. എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നും പറഞ്ഞു പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ട്,’ ദുല്‍ഖര്‍ പറയുന്നു.
ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കുറുപ്പായിരുന്നു ദുല്‍ഖറിന്റെ ഒടുവില്‍ തിയറ്ററില്‍ റിലീസായ ചിത്രം. മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ ചിത്രം റെക്കോഡ് കളക്ഷനാണ് നേടിയത്. കിങ് ഓഫ് കൊത്ത, ഓതിരകടകം തുടങ്ങിയ ചിത്രങ്ങളും ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlight : Dulquer Salman says that sitaramam will be his last romantic movie