|

പൈറേറ്റഡ് സൈറ്റില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തതിന് കൂട്ടുകാരുമായി വഴക്കുണ്ടാക്കി; ദുല്‍ഖറിന്റെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൈറേറ്റഡ് സൈറ്റുകളില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തതിന് കൂട്ടുകാരോട് വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. താനും കോളേജില്‍ പഠിക്കുമ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പഠനത്തിന് ശേഷം അത് നിര്‍ത്തിയെന്നും ദുല്‍ഖര്‍ പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം സല്യൂട്ടുമായി ബന്ധപ്പെട്ട ചലഞ്ച് വീഡിയോയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

പൈറേറ്റഡ് സൈറ്റുകളില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ പൈറേറ്റഡ് സൈറ്റുകളില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം നിര്‍ത്തി. പ്രത്യേകിച്ചും സിനിമാ ഫാമിലിയില്‍ നിന്നും വരുന്നത് കൊണ്ട് കൂട്ടുകാരുമായി ഇക്കാര്യത്തില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ വിളിക്കറാുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നും ദുല്‍ഖറിന്റെ മറുപടി. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലാണ് താന്‍ അങ്ങനെ ചെയ്യാറുള്ളുവെന്നും താരം പറഞ്ഞു.
ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ടോ എന്ന ചേദ്യത്തിനും ഉണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കഴിഞ്ഞ മാര്‍ച്ച് 17നായിരുന്നു സല്യൂട്ട് സോണി ലിവില്‍ റിലീസ് ചെയ്തത്. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു. ഡയാന പെന്റി, മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന സീതാ രാമമാണ് ഇനി പുറത്തിറങ്ങാനുള്ള ദുല്‍ഖറിന്റെ ചിത്രം. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും നായികമാരായ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ് ഭാഷകളിലുമൊരുങ്ങുന്നുണ്ട്.

Content Highlight: Dulquer Salman says he quarrel with friends over downloading movies from pirated sites