| Monday, 21st March 2022, 3:46 pm

ഞാന്‍ വിഷമിക്കുന്ന സമയത്ത് വാപ്പച്ചി എപ്പോഴും എനിക്കൊപ്പമുണ്ടാകും, അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ കാര്യത്തില്‍ മമ്മൂക്ക ടിപ്പുകള്‍ തരാറില്ലെന്നും എന്നാല്‍ ഒരു പിതാവായി എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിക്കുന്നത്.

‘എനിക്ക് സിനിമയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു ടിപ്പുകളും കിട്ടാറില്ല. ആ കാര്യങ്ങള്‍ നീ നിന്റേതായ രീതിയില്‍ തന്നെ കണ്ടെത്തുക, അതില്‍ നിന്നെ പഠിപ്പിക്കാനോ ഉപദേശിക്കാനോ എനിക്ക് താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹം എന്നോട് പറയുന്നത്.

എന്നാല്‍ അദ്ദേഹം എപ്പോഴും ഒരു പിതാവാണ്, ഒരിക്കലും ഒരു പിതാവ് എന്ന വേഷത്തില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കില്ല. ഞാന്‍ വിഷമിക്കുകയോ അസ്വസ്ഥനാകുകയോ ചെയ്താല്‍, ആ സമയത്ത് വാപ്പച്ചി എപ്പോഴും എനിക്കൊപ്പമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

എനിക്ക് മോശം റിവ്യൂ വന്നാലോ, അല്ലെങ്കില്‍ എന്റെ സിനിമ പരാജയപ്പെട്ടാലോ ഒരു അച്ഛനെന്ന നിലയില്‍ അദ്ദേഹം എനിക്കൊപ്പമുണ്ടാവും, അതാണ് നമുക്ക് വേണ്ടത്.

എന്റെ സിനിമയിലുള്ള ചോയിസുകളിലോ, ഒരു പെര്‍ഫോമര്‍ എന്ന നിലയിലോ അദ്ദേഹം ഇടപെടാറില്ല. ഞാന്‍ സ്വയം പഠിക്കണമെന്നാണ് വാപ്പച്ചി ആഗ്രഹിക്കുന്നത്. എന്നാല്‍ പോലും അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും എനിക്കറിയാം,’ ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂക്കയുടെ ഭീഷ്മ പര്‍വ്വം സിനിമയെ കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, സംവിധായകന്‍ മമ്മൂട്ടിയോട് പൂര്‍ണമായും നീതി പുലര്‍ത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ചെന്നൈയില്‍ നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കണ്ടത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു.

നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Dulquer Salman says about Mammootty

We use cookies to give you the best possible experience. Learn more