ഒരു നടന്‍ എന്ന നിലയില്‍ തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സല്യൂട്ടിന്റെ റിലീസിന് ശേഷം മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പരാമര്‍ശം.
‘ഒരു അഭിനേതാവെന്നനിലയില്‍ ഞാന്‍ സത്യസന്ധനാണെന്ന് കാലം രേഖപ്പെടുത്തണം. അതുമാത്രമാണ് എന്റെ മോഹം. ഞാന്‍ മഹാനാണോ നല്ലവനാണോ മോശമാണോ എന്നൊന്നും എനിക്ക് അറിയില്ല. ജോലിയോടും തെരഞ്ഞെടുക്കുന്ന സിനിമകളോടുമൊക്കെ എല്ലാത്തരത്തിലും സത്യസന്ധനായി ജീവിക്കുന്നൊരാളാണ് ഞാന്‍. ഒന്നിന്റെയും സാമ്പത്തികവശം നോക്കിയിട്ടുമില്ല. എല്ലാം എന്നിലേക്ക് സ്വാഭാവികമായി വന്നുചേര്‍ന്നതാണ്,” ദുല്‍ഖര്‍ പറയുന്നു.
സല്യൂട്ടിലെ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രം നല്‍കിയ വെല്ലുവിളികളെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.
‘ഞാനിതുവരെ ഒരു സിനിമയിലും മുഴുനീള പൊലീസ് വേഷം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഈ സിനിമയില്‍ എനിക്ക് കൂടുതല്‍ ആവേശം തോന്നിയതും. വിക്രമാദിത്യനില്‍ ചെറിയൊരു പൊലീസ് വേഷമുണ്ടായിരുന്നു. അതിലെ ഞാനിതുവരെ പൊലീസ് യൂണിഫോം ഇട്ടിട്ടുമുള്ളു, അതിന്റേതായൊരു ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു.
ഞാന്‍ പൊലീസ് യൂണിഫോമിട്ടാല്‍ നന്നാവുമോ, പ്രേക്ഷകര്‍ക്കത് ഇഷ്ടപ്പെടുമോ, എന്റെ മുഖത്ത് പൊലീസ് ലുക്ക് വരുമോ എന്നുതുടങ്ങിയുള്ള ചില പേടികള്‍. പക്ഷെ, നമ്മള്‍ ഭയക്കുന്ന റോളുകള്‍ ചെയ്തില്ലെങ്കില്‍ ഒരു നടന്‍ എന്നനിലയില്‍ വളര്‍ച്ചയുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ സിനിമയോട് തുടക്കം മുതലേ എനിക്കൊരു ആവേശം തോന്നിയിരുന്നു. പിന്നെ ഇതിലെ കേസും അതിന്റെ അന്വേഷണവുമൊക്കെ ഒറിജിനല്‍ പോലെ തോന്നിയിട്ടുണ്ട്,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 17 ന് സോണി ലിവിലൂടെയാണ് ‘സല്യൂട്ട്’ റിലീസായത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. റോഷന്‍ ആഡ്രൂസിന്റെ സംവിധാനത്തിലുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ മികച്ച അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ജേക്സ് ബിജോയ്‌യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.