| Monday, 21st March 2022, 7:45 am

സിനിമയില്‍ ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല; പേടിയോടെയാണ് വന്നത്, ഭാവിയെന്താവുമെന്നറിയില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്ത് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ ദുല്‍ഖറിന്റെ താരമൂല്യം. വിവിധ ഭാഷകളിലായി വ്യത്യസ്ത കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.

എന്നാല്‍ സിനിമയില്‍ ഇത്രത്തോളം വളരുമെന്ന് കരുതിയില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സിനിമയിലുള്ള ഭാവി എന്താവുമെന്ന് അറിയില്ലെന്നും പ്രേക്ഷകര്‍ സ്വീകരിച്ചാലേ മുന്നോട്ട് പോകാന്‍ സാധിക്കുവെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

‘സിനിമയില്‍ ഞാനിത്രതന്നെ എത്തുമെന്ന് വിചാരിച്ചയാളല്ല. സത്യംപറഞ്ഞാല്‍, ഒരുപാട് പേടിയോടെയാണ് ഞാന്‍ സിനിമയില്‍ വന്നത്, ഭാവിയെന്താവുമെന്നറിയില്ല. ഇതൊരു കരിയറായി മാറ്റിയെടുക്കാന്‍ പറ്റുമോ എന്നത് എപ്പോഴും ആകാംക്ഷയുള്ള ചോദ്യമായിരുന്നു.

കാരണം ഇതെനിക്ക് സ്വയം തെരഞ്ഞെടുക്കാന്‍ പറ്റിയ മേഖലയല്ലല്ലോ. പ്രേക്ഷകര്‍ സ്വീകരിച്ചാലേ നമുക്ക് മുന്നോട്ടുപോവാന്‍ പറ്റൂ. അങ്ങനെയൊക്കെ ഒരുപാട് പേടിച്ച് പേടിച്ച് ചെറിയ ചുവടുവെപ്പുകളിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്.

പക്ഷേ, എന്തും സ്വയം തെരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം എനിക്കെപ്പോഴും കിട്ടിയിരുന്നു, നോ പറയാനാണെങ്കില്‍പ്പോലും. സീനിയറായ ഒരു ഫിലിം മേക്കറാണെങ്കിലും ഞാന്‍ നോ പറഞ്ഞാല്‍, അവര്‍ എന്നോട് ഒരു വിരോധവുമില്ലാതെ അത് മനസിലാക്കുകയും എന്റെ മനസ്സില്‍ എത്രമാത്രം സിനിമയുണ്ടെന്ന് തിരിച്ചറിയുകയുമൊക്കെ ചെയ്തിട്ടുണ്ട്.

അങ്ങനെ ഒരുപാട് ഭാഗ്യങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരോടെല്ലാം എനിക്കൊരുപാട് നന്ദിയുണ്ട്. ഇപ്പോഴും എന്തുതരം സിനിമചെയ്യണമെന്ന് ചോദിച്ചാല്‍ എനിക്ക് മറുപടിപറയാന്‍ അറിയില്ല.

പക്ഷേ, ഒരു ആശയം കേള്‍ക്കുമ്പോള്‍ അത് ഒറിജിനല്‍ ഐഡിയ ആണെന്നും നല്ല സിനിമയാവുമെന്നൊക്കെ തോന്നിയാണ് ഞാന്‍ മുന്നോട്ടുസഞ്ചരിക്കുന്നത്. തുടങ്ങിയ സമയത്ത് ഞാന്‍ വേറെ ഭാഷകളില്‍ അഭിനയിക്കുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല.

പിന്നെ സിനിമ മാര്‍ക്കറ്റ് ഇങ്ങനെ മാറുമെന്നൊന്നും വിചാരിച്ചിട്ടുമില്ല. 2012ലെ സിനിമാഭൂപടമല്ല ഇപ്പോല്‍ നമുക്ക് മുന്നിലുള്ളത്. എല്ലാം പ്രവചനാതീതമാണ്, അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ആഗ്രഹങ്ങള്‍ക്കും മീതെ ചാടിയെത്തിയപോലെ തോന്നുന്നുണ്ട്,’ ദുല്‍ഖര്‍ പറയുന്നു.

തന്റെ പുതിയ ചിത്രമായ സല്യൂട്ടിനെ കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്.

‘മലയാളത്തില്‍ യുവാക്കളും പുതിയ ആളുകളുമൊക്കെ ചേര്‍ന്നുള്ള സിനിമകളിലാണ് ഞാന്‍ കുറേ കാലമായി അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ പരിചയസമ്പത്തുള്ള ടീമിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ പ്രതീക്ഷകളും വര്‍ധിക്കും. മാത്രമല്ല, എനിക്കിവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുമുണ്ട്.

സിനിമയില്‍ പരിചയ സമ്പന്നരാവുമ്പോള്‍ എല്ലാത്തിനെക്കുറിച്ചും അവര്‍ക്ക് വ്യക്തതയുണ്ടാവും. നമുക്ക് അവരോട് ചോദ്യങ്ങള്‍ ചോദിക്കാം. അതുപോലെ അനുഭവപരിചയമുള്ള എഴുത്തുകാര്‍, അവര്‍ എഴുതുമ്പോള്‍ അതിനുമുണ്ടാവും നല്ല വ്യക്തതയും ആഴവും പരപ്പും.

എന്നിട്ടും ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കൊക്കെ ബോബി സഞ്ജയ്മാരും കാതോര്‍ത്തിരുന്നു. സല്യൂട്ട് ഒരു ചെറിയ ആശയത്തില്‍ നിന്ന് വികസിച്ചുവന്ന സിനിമയാണ്. അതിന്റെ ഓരോ വളര്‍ച്ചയിലും ഞാനും പങ്കാളിയായിരുന്നുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു,’ താരം പറയുന്നു.


Content Highlights: Dulquer Salman says about his cinema career

We use cookies to give you the best possible experience. Learn more