സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാനുള്ള കാരണത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ മനസ്സ് തുറന്നത്.
താനോ വാപ്പച്ചിയോ ഇല്ലാത്ത സിനിമകള്‍ ചെയ്യണമെന്നും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു വേ ഫേയറര്‍ ഫിലിംസ് എന്ന നിര്‍മാണ കമ്പനി തുടങ്ങിയപ്പോഴുള്ള ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നു.
‘നല്ല സിനിമകളുടെയും ചെറിയ സിനിമകളുടെയും ഭാഗമാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിനുമാത്രം ടാലന്റുള്ള ഫിലിം മേക്കേഴ്‌സും റൈറ്റേഴ്‌സും ആക്ടേഴ്‌സുമൊക്കെയുണ്ട്. എന്തെങ്കിലും രീതിയില്‍ അവരെയൊക്കെ പ്രൊമോട്ട് ചെയ്യണമെന്നുണ്ട്. നല്ലൊരു കഥയുണ്ടെങ്കില്‍ ആര്‍ക്കും വേ ഫേയറര്‍ ഫിലിംസിനെ സമീപിക്കാം. ഞങ്ങളുടെ ടീം ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് കഥ കേള്‍ക്കാനാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒരുമിക്കുന്ന ചിത്രം പുഴുവിന്റെ കോ പ്രൊഡ്യൂസേഴ്‌സും ഡിസ്ട്രിബ്യൂട്ടേഴ്‌സും കൂടിയാണ് വേ ഫേയറര്‍ ഫിലിംസ്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ്.ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടിയുമൊത്ത് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനും അഭിമുഖത്തില്‍ ദുല്‍ഖര്‍ മറുപടി പറയുന്നുണ്ട്.
താനും അത്തരത്തിലൊരു സിനിമ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഉടനൊന്നും അത് സംഭവിക്കില്ലെന്നുമാണ് ദുല്‍ഖര്‍ ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ ഞാന്‍ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്ക്കോട്ടെ എന്ന്’ ‘എനിക്ക് നിന്റെയൊന്നും സഹായം വേണ്ട’ എന്നായിരിക്കും വാപ്പച്ചിയുടെ മറുപടി, ദുല്‍ഖര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക