എല്ലാ ഓവര്‍തിങ്കിങ്ങും മാറ്റിവെച്ച് ഞാന്‍ അക്കാര്യം ചോദിക്കുന്ന ഒരേയൊരു ദിവസം; മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി ദുല്‍ഖര്‍
Entertainment
എല്ലാ ഓവര്‍തിങ്കിങ്ങും മാറ്റിവെച്ച് ഞാന്‍ അക്കാര്യം ചോദിക്കുന്ന ഒരേയൊരു ദിവസം; മമ്മൂട്ടിക്ക് പിറന്നാളാശംസയുമായി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th September 2022, 5:20 pm

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചില ആശംസകളുണ്ട്. അതിലൊന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ്. എല്ലാ വര്‍ഷവും മമ്മൂട്ടിയോടൊപ്പമുള്ള ഏറ്റവും സുന്ദരമായ ചിത്രങ്ങളും വാക്കുകളുമായി ദുല്‍ഖറെത്താറുണ്ട്.

ഇപ്രാവശ്യവും പതിവ് തെറ്റിയില്ല. പുതിയ ചിത്രങ്ങളും ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥയും വാപ്പയോടുള്ള സ്‌നേഹം തുളുമ്പുന്ന പോസ്റ്റുമായി ദുല്‍ഖര്‍ വന്നുകഴിഞ്ഞു. മമ്മൂട്ടിയുടെ സമയത്തിന് താന്‍ കൊടുക്കുന്ന വിലയും കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവിടുന്നതിലെ സന്തോഷവുമെല്ലാം പോസ്റ്റിലുണ്ട്.

 

‘എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ നിങ്ങളുടെ സമയത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒഴിവ് കിട്ടുന്ന സമയം അളന്നുകുറിച്ച്, അതിന്റെ ഭൂരിഭാഗവും എന്നോടൊപ്പമാണ് ചെലവഴിക്കുന്നതെന്ന് ഞാന്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു.

അത്രയും പ്രധാനപ്പെട്ട കാര്യമാണെങ്കിലേ ഞാന്‍ വിളിക്കാറുണ്ടായിരുന്നുള്ളു. ‘പാ നമുക്കൊരു ഫോട്ടോയെടുക്കാം’ എന്ന് ഞാന്‍ ഒരിക്കലും പറയാറില്ല. നിങ്ങള്‍ എവിടെ പോയാലും ആ റിക്വസ്റ്റ് തന്നെയാണ് കേള്‍ക്കാറുള്ളതെന്ന് എനിക്കറിയാം. ഇങ്ങനെ ആലോചിച്ച് കൂട്ടേണ്ടായെന്നൊക്കെ എനിക്കറിയാം. പക്ഷെ ഞാനൊരു ഓവര്‍തിങ്കറായി പോയി. ഇക്കാര്യം പറഞ്ഞ് ഉമ്മ എന്നെ എപ്പോഴും വഴക്ക് പറയാറുണ്ട്.

പക്ഷെ, എല്ലാ വര്‍ഷവും പിറന്നാള്‍ ദിവസം മാത്രം ഞാന്‍ എല്ലാ ഓവര്‍തിങ്കിങ്ങും മാറ്റിവെച്ച്, മറ്റൊന്നും നോക്കാതെ നമുക്കൊരുമിച്ച് ഫോട്ടോയെടുക്കണമെന്നങ്ങ് പറയും. ഈ വര്‍ഷം ഫോട്ടോക്ക് തയ്യാറാകുന്നതിനിടെയില്‍ ഞാന്‍ മറ്റൊരു ഫോട്ടോ ഒപ്പിക്കാന്‍ തീരുമാനിച്ചു. ഷാനി അത് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

ശരിക്കും പറഞ്ഞാല്‍, ഇങ്ങനെയുള്ള നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. നമ്മള്‍ നമ്മളായി, നമ്മുടെ വീട്ടില്‍ സമയം ചെലവിടുന്ന സമയങ്ങള്‍ക്കായി.

ഇപ്പോള്‍, മിക്കവാറും ദിവസങ്ങളിലെല്ലാം നമ്മള്‍ രണ്ടാളും സിനിമാ ഷൂട്ടിങ്ങുകള്‍ക്ക് വേണ്ടി വ്യത്യസ്ത നഗരങ്ങളിലായിരിക്കും. പക്ഷെ, ഞാന്‍ എപ്പോഴെല്ലാം വീട്ടിലേക്ക് തിരിച്ചെത്തുന്നുവോ അപ്പോഴെല്ലാം സമയം നിശ്ചലമായത് പോലെ എനിക്ക് തോന്നും.

പണ്ടത്തെ പോലെ വാപ്പയോടൊപ്പം സമയം ചിലവിടാന്‍ കിട്ടിയതിന്റെ സന്തോഷത്തിലിരിക്കുന്ന കൊച്ചു കുട്ടിയായി ഞാന്‍ മാറും. ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു പാ…നിങ്ങളാണ് ഞങ്ങള്‍ക്കെല്ലാം,’ ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്നു.

മമ്മൂട്ടിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളും ദുല്‍ഖര്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മമ്മൂട്ടിയുടെ 71ാം പിറന്നാളിന് ആശംസ നേരുന്നതിന്റെ തിരക്കിലായിരുന്നു ഇന്ന് മലയാള സിനിമലോകം. തന്റെ കൂടപ്പിറപ്പ് തന്നെയാണ് ഇച്ചാക്ക എന്നായിരുന്നു ആശംസാ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയസൂര്യ, പൃഥ്വിരാജ്,ടൊവിനോ തോമസ്, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂക്കക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Content Highlight: Dulquer Salman’s warm birthday wishe for his dad Mammootty