സീതാരാമം യു.എസ് പ്രീമിയര്‍ കഴിഞ്ഞു; ദുല്‍ഖറിന്റെ റൊമാന്റിക് ബ്ലോക്ബസ്റ്റര്‍ എന്ന് ചിത്രം കണ്ടവര്‍
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. മികച്ച ചിത്രമെന്നാണ് യു.എസ് പ്രിമിയര്‍ ഷോയില്‍ ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്നുണ്ടെന്നും ഷോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
സിനിമ കഥയിലും, മേക്കിങ്ങിലും, സംഗീതത്തിലുമൊക്കെ മികവ് പുലര്‍ത്തുന്നുണ്ടെന്നാണ് ട്രാക്കര്‍ രമേശ് ബാല ട്വീറ്റ് ചെയ്തത്.
പോയറ്റിക്ക് ലൗ സ്റ്റോറി എന്നാണ് ചിത്രം കണ്ട മറ്റൊരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തത്. യു.എസ് പ്രീമിയറില്‍ ചിത്രത്തിന് ലഭിച്ച മികച്ച അഭിപ്രായങ്ങള്‍ ദുല്‍ഖറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനും കയ്യടിക്കുന്നവര്‍ ഏറെയാണ്. ഇമോഷന്‍സ് നന്നായി തന്നെ ദുല്‍ഖര്‍ കൈകാര്യം ചെയ്തു എന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ താക്കൂര്‍ കെമിസ്ട്രി നന്നായി തന്നെ സിനിമ കാണുന്നവരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. രശ്മിക മന്ദാനയുടെ അഫ്രീന്‍ എന്ന കഥാപാത്രവും കയ്യടികള്‍ നേടുന്നുണ്ട്.
ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് തെലുങ്കില്‍ ലഭിച്ചിരിക്കുന്നത്. പക്ഷെ കേരളത്തില്‍ കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം കാലാവസ്ഥയെയും മറ്റ് വെല്ലുവിളികളെയും മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.
എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlight : Dulquer Salman’s Sitha Ramam getting highly positive reports from Us premiers shows