മലയാള സിനിമയില്‍ മാറുന്ന കാലത്തിനനുസരിച്ച് ഏറ്റവും നന്നായി അപ്പ്‌ഡേറ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ മുതല്‍ ഡ്രസ് വരെ ഈ അപ്‌ഡേഷന്‍ മമ്മൂട്ടി നിലനിര്‍ത്താറുണ്ട്.
യൂത്തന്മാരെ വെല്ലുന്ന ലുക്കിലാണ് പലപ്പോഴും മമ്മൂട്ടി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഒരേസമയം വാണിജ്യ മൂല്യമുള്ളതും കലാമൂല്യള്ളതുമായ സിനിമകള്‍ അദ്ദേഹം ചെയ്യാറുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇത്രയും തിരക്കുള്ള മമ്മൂട്ടി എങ്ങനെയാണ് ഈ അപ്‌ഡേഷന്‍സ് നടത്തുന്നതെന്നാണ് പലര്‍ക്കുമുള്ള സംശയം. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും ഇതേ ചോദ്യം മമ്മൂട്ടിയോട് ചോദിക്കുകയാണ്.
ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയോട് എന്താണ് ചോദിക്കാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു ദുല്‍ഖര്‍ തന്റെ സംശയമുന്നയിച്ചത്.
‘അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്. സിനിമയിലെത്തി 50 വര്‍ഷമായി. ഞങ്ങളുടെ സിനിമകള്‍(ഭീഷ്മ പര്‍വം, ഹേ സിനാമിക) ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്.
ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.
ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ ‘നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോയെന്ന്’ ചോദിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും ദുല്‍ഖറിന്റെ ഹേ സിനാമികയും റിലീസാവുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായാണ് അച്ഛന്റേയും മകന്റേയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുന്നത്.
അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഭീഷ്മ പര്‍വം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വന്‍ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.
തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക.