മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഐഡന്റിറ്റിയില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുത്തിരുന്നു. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയരാന്‍ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താല്‍, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയമായി മാറി.
കഴിഞ്ഞ ഓണക്കാലത്ത് ഇറങ്ങിയ കിങ് ഓഫ് കൊത്തയായിരുന്നു ഡി.ക്യുവിന്റെ അവസാന മലയാള ചിത്രം. വമ്പന്‍ ഹൈപ്പില്‍ എത്തിയ സിനിമ എന്നാല്‍ വേണ്ടരീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. നീണ്ട ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ റിലീസിനൊരുങ്ങുമ്പോള്‍ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സില്‍, ഇത്തവണ ദുല്‍ഖര്‍ ബോക്‌സ് ഓഫീസില്‍ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
റിലീസ് ചെയ്ത സമയത്ത് ഏറെ നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളും നേരിട്ട ചിത്രമായിരുന്നിട്ടുകൂടി ബോക്‌സ് ഓഫീസില്‍ ലാഭം നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. അതിന് ശേഷം ലക്കി ഭാസ്‌കറുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ചിത്രത്തിന് പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനോടകം മുപ്പത്തിയാറോളം ചിത്രങ്ങളില്‍ വേഷമിട്ട ദുല്‍ഖര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പത്തിന് മുകളില്‍ ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. അതില്‍ ഏറെയും ഹിറ്റുകളായിരുന്നു.
പ്രഭാസിന്റെ കല്‍ക്കിയിലെ വേഷവും ഡി.ക്യൂവിന്റെ ജനപ്രീതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്‌കറിനെയും തുണക്കുമോ എന്നത് കണ്ടറിയണം. കിംഗ് ഓഫ് കൊത്തയിലൂടെ ഏറ്റു വാങ്ങിയ വിമര്‍ശനങ്ങള്‍ക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നല്‍കാന്‍ ദുല്‍ഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ലക്കി ഭാസ്‌കര്‍ ഡി.ക്യൂവിന്റെ ലക്ക് ആകുമോ എന്ന് കണ്ടറിയണം.