| Saturday, 9th July 2022, 1:39 pm

മിണ്ടിപ്പോകരുത്; പ്രതികാരത്തിന്റെ കടലാസുപ്പൂക്കളുമായി ബോളിവുഡിനെ ഭയപ്പെടുത്തി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമായ ചുപിന്റെ ടീസര്‍ പുറത്തിറങ്ങി. കര്‍വാന്‍, ദ സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ചുപ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

‘ചുപ് : റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാകുമിതെന്നാണ് ടീസറില്‍ നിന്നുള്ള സൂചനകള്‍.

ഹാപ്പി ബര്‍ത്ത്‌ഡേ എന്ന് പാടിക്കൊണ്ട് കടലാസ് പൂക്കളുണ്ടാക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തെയാണ് ടീസറിന്റെ തുടക്കത്തില്‍ കാണാനാകുന്നത്.

പിന്നീട് കടലാസ് പൂക്കളെ കുറിച്ചുള്ള മറ്റൊരു കഥാപാത്രത്തിന്റെ ഡയലോഗും സണ്ണി ഡിയോളിന്റെ കഥാപാത്രത്തെയും കാണാം. അവസാനത്തില്‍ ചുപ് എന്ന് ഉറക്കെ പറയുന്ന വോയ്‌സോട് കൂടി ചിത്രത്തിന്റെ പേരെഴുതി കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.

വളരെ വ്യത്യസ്തമായ, പൂര്‍ണമായും ഒരു ഡാര്‍ക് മോഡിലാണ് ദുല്‍ഖര്‍ ഈ സിനിമയിലെത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ സൈക്കോ മൂഡിലുള്ള കഥാപാത്രമായിരിക്കും ഇതെന്നും നടന്റെ പ്രകടനം ഇപ്പോള്‍ തന്നെ ചെറുതായി പേടിപ്പിക്കാന്‍ തുടങ്ങിയെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള റോളായിരിക്കും ചിത്രത്തിലേതെന്നും കമന്റുകളുണ്ട്.

ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമയല്ല ചുപ് എന്നാണ് ടീസര്‍ നല്‍കുന്ന മറ്റൊരു സൂചന. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.

സംവിധായകന്‍ ഗുരു ദത്തിന്റെ ജന്മവാര്‍ഷിക ഓര്‍മ്മദിനത്തിലാണ് ചുപിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗുരു ദത്തിനെ കുറിച്ച് ടീസറിലും പരാമര്‍ശിക്കുന്നുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായിരിക്കും ഈ ചിത്രമെന്ന് ബല്‍കി പറഞ്ഞിരുന്നു. ഗുരു ദത്തിന്റെ പ്രധാന സിനിമകളിലൊന്നായിരുന്നു കാഗസ് കേ ഫൂല്‍ (കടലാസ് പൂക്കള്‍).

ഗുരു ദത്ത് തങ്ങള്‍ക്കെല്ലാം വലിയ പ്രചോദനവും ഊര്‍ജവുമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ ടീസര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.

ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ബാല്‍കി 2018ലെ പാഡ് മാനിന് ശേഷം ചെയ്യുന്ന സിനിമയാണ് ചുപ്. ബാല്‍കിയുടെ കഥയ്ക്ക് ബാല്‍കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹ ക്യാമറയും അമിത് ത്രിവേദി സംഗീതവും ചെയ്യുന്നു.

Content Highlight: Dulquer Salmaan’s new movie Chup’s teaser out

Latest Stories

We use cookies to give you the best possible experience. Learn more