| Wednesday, 27th July 2022, 8:58 pm

ചാക്കോച്ചനെ പോലെ 'ദേവദൂതര്‍ പാടി' ക്ക് ഡാന്‍സ് സ്റ്റെപ്പിട്ട് ദുല്‍ഖറും; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ വമ്പന്‍ രീതിയിലാണ് മുന്നോട്ട് പോകുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കോട് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ അനുകരിച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സീതാ രാമത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് വീഡിയോ അവരുടെ യൂട്യുബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ ഗാനത്തില്‍ ഇടുന്ന സ്റ്റെപ്പുകളൊക്കെ ദുല്‍ഖര്‍ അനുകരിക്കുമ്പോള്‍ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്‌ക്കാരമായിരുന്നു കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചത്.

ഗാനത്തിന് ഇതുവരെ 45 ലക്ഷത്തിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. അതേസമയം ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോകമെമ്പാടും വലിയ റിലീസാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.


എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight : Dulquer Salman imitates Kunchakko boban’s dance steps from Devadhoothar paadi video song goes viral

We use cookies to give you the best possible experience. Learn more