| Wednesday, 27th July 2022, 6:40 pm

നഞ്ചിയമ്മ അവാര്‍ഡ് ഉറപ്പായിട്ടും അര്‍ഹിക്കുന്നുണ്ട്, ഞാനൊക്കെ പാട്ട് പാടുന്നത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പുതിയ തെലുങ്ക് ചിത്രമായ സീതാ രാമന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

വിവാദത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പക്ഷെ തന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡെന്നും നഞ്ചിയമ്മ അത് പാടിയ രീതിയും പാട്ടും ഒരുപാട് ഇഷ്ടപ്പെട്ടുയെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘വിവാദം എന്താണെന് അറിഞ്ഞില്ല പക്ഷെ എന്റെ മനസില്‍ നഞ്ചിയമ്മയ്ക്കാണ് അവാര്‍ഡ്. നഞ്ചിയമ്മ അത് അങ്ങേയറ്റം അര്‍ഹിക്കുന്നുണ്ട്. ആ പാട്ടും നഞ്ചിയമ്മ അത് പാടിയ രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ എല്ലാത്തിന്റെയും ശാസ്ത്രം നോക്കാന്‍ എനിക്കറിയില്ല, ഞാന്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാടുന്നത്. ലൈവില്‍ ചുന്ദരി പെണ്ണേ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ തന്നെ പെട്ടു പോകും’- ദുല്‍ഖര്‍ പറയുന്നു.

നേരത്തെ സംഗീതജ്ഞന്‍ ലിനുലാല്‍ നഞ്ചിയമ്മക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ രംഗത്ത് വന്നിരുന്നു. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

‘മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.

അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു’ ലിനു ലാല്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ നിരവധി പേരാണ് നഞ്ചിയമ്മക്ക് പിന്തുണയുമായി എത്തിയത്. അതേസമയം ആഗസ്റ്റ് അഞ്ചിനാണ് സീതാരാമം തിയേറ്ററുകളില്‍ എത്തുന്നത്. ലോക മെമ്പാടും വലിയ റിലീസാണ് ചിത്രത്തിന് ഒരുക്കിയിട്ടുള്ളത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlight : Dulquer Salman comments on the controversies against nanchamma in the  Sitha Ramam press meet

Latest Stories

We use cookies to give you the best possible experience. Learn more