| Wednesday, 27th July 2022, 11:01 pm

ബേസിലിന്റെ ചിത്രങ്ങള്‍ എല്ലാം ഒരുപാട് ഇഷ്ടം, മിന്നല്‍ മുരളി തിയേറ്ററില്‍ എങ്ങനെ എങ്കിലും ഇറക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടോവിനോ തോമസ് നായകാനായി എത്തിയ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് നഷ്ടമായത് ആയിരുന്നു സിനിമാ പ്രേമികളെ നിരാശപ്പെടുത്തിയ കാര്യം.

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും ചിത്രം കണ്ടതിനെ കുറിച്ചും മിന്നല്‍ മുരളിയെ പറ്റിയുമൊക്കെ പറയുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബേസില്‍ ജോസഫിന്റെ ചിത്രങ്ങള്‍ എല്ലാം തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ലോക്കല്‍ സൂപ്പര്‍ ഹീറോ പടമാണെന്ന് ടോവിനോ പറഞ്ഞു എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘എനിക്ക് ബേസിലിന്റെ ചിത്രങ്ങള്‍ എല്ലാം ഒരുപാട് ഇഷ്ടമാണ്, ടോവിനോ-ബേസില്‍ കൂട്ടുകെട്ടും ഒരുപാട് ഇഷ്ടമാണ്. മിന്നല്‍ മുരളി ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ടോവിനോ എന്നോട് ഇതൊരു സൂപ്പര്‍ ഹീറോ പടം ആണെന്ന് പറഞ്ഞിരുന്നു. ലോക്കല്‍ സൂപ്പര്‍ ഹീറോ ആണെന്ന് അറിഞ്ഞപ്പോള്‍ ശെരിക്കും എക്‌സെയിറ്റഡായി. പിന്നീട് സിനിമയുടെ ടീസര്‍ കണ്ടപ്പോഴൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

ഒരുപാട് തവണ സിനിമ തിയേറ്ററില്‍ ഇറക്കാന്‍ ഞാന്‍ അവരോട് പറഞ്ഞതുമാണ്. പിന്നീട് സിനിമ കണ്ടപ്പോള്‍ ആ ക്വാളിറ്റിയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വെറുമൊരു എന്റര്‍ടൈമെന്റ് ചിത്രം മാത്രമല്ലല്ലോ. നല്ല ഡെപ്തുള്ള സിനിമ ആണല്ലോ. ഗുരു സോമസുന്ദരം ചെയ്ത റോളില്‍ ഒരു പെയിനും നമ്മുക്ക് കാണാന്‍ പറ്റും’, ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

അതേസമയം ലോകമെമ്പാടും വലിയ റിലീസാണ് സീതാരാമത്തിന് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഫ്രീന്‍ എന്നാണ് രശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Dulquer Salman about Minnal Murali

We use cookies to give you the best possible experience. Learn more