Entertainment news
'മമ്മൂട്ടി കമ്പനി മൂന്ന് പടം ചെയ്തു, നമ്മള്‍ ഒരെണ്ണവുമായി ഇരിക്കുവാന്ന് ഞങ്ങള്‍ വേഫെററിലിരുന്ന് പറയും'
വര്‍ഷത്തില്‍ ഒരു പടം ചെയ്യാനാണ് പ്ലാനെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്ന് പിതാവ് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ കിങ് ഓഫ് കൊത്ത ചെയ്തതിനുള്ളില്‍ മമ്മൂട്ടി നാലഞ്ച് പടമൊക്കെ ചെയ്‌തെന്നും ദുല്‍ഖര്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാനാണ് നിന്റെ പ്ലാനെങ്കില്‍ ഞാന്‍ നിന്നെ വീട്ടില്‍ കേറ്റില്ലെന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ട്. കാരണം ഞങ്ങള്‍ ഈ പടം ചെയ്തതിനുള്ളില്‍ പുള്ളി നാലഞ്ച് പടമൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ തന്നെ ഇടക്ക് ഇതിപ്പോള്‍ ഏതാ ചെയ്‌തോണ്ടിരിക്കുന്നത്, മറ്റേത് കഴിഞ്ഞോ എന്ന് ചോദിക്കാറുണ്ട്. തൊട്ടപ്പുറത്ത് മമ്മൂട്ടി കമ്പനി ഉണ്ടല്ലോ. അപ്പോള്‍ ഞങ്ങള്‍ ഇപ്പുറത്തിരുന്ന് പറയും, മമ്മൂട്ടി കമ്പനി ഓള്‍റെഡി മൂന്ന് സിനിമകള്‍ ചെയ്തു, നമ്മള്‍ ഇവിടെ ഫസ്റ്റ് ഷെഡ്യൂള്‍ ആയിട്ടേ ഉള്ളൂ എന്ന്.
സത്യം പറഞ്ഞാല്‍ എന്റെ ഒരു മെന്റല്‍ഹെല്‍ത്തിന് മൂന്ന് നാല് പടങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. ഞാനും ഐശ്വര്യയും തന്നെ ഈ ഷൂട്ടിനിടെ പറഞ്ഞു ഇത് വര്‍ക്കായില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന്. ഇപ്പോള്‍ സീതാരാമം എടുക്കുകയാണെങ്കില്‍ പതിനാല് മാസമെടുത്തു, അതിന്റെ ചില ഗ്യാപ്പിലൊക്കെയാണ് വേറെ ചിലത് ചെയ്തത്. പക്ഷെ കൊത്തയുടെ ലുക്കൊക്കെ വെച്ച് വേറെ ഒന്നും ഏറ്റെടുക്കാന്‍ കഴിയില്ല. വേറെ എന്തെങ്കിലും തുടങ്ങി വെച്ചാല്‍ സെറ്റാവില്ലായിരുന്നു. അതുകൊണ്ട് ഇതൊന്ന് മറികടക്കാന്‍ ഞാന്‍ അടുപ്പിച്ച് കുറേ പടങ്ങള്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
തനിക്ക് മലയാളം പടം ചെയ്യണമെന്നുണ്ടെന്നും താന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയത് ഇവിടെ നിന്നാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘എനിക്ക് മലയാളം ചെയ്യണമെന്നുണ്ട്, അത് നമ്മുടെ ഒരു ഉത്തരവാദിത്തമാണ്. കാരണം ഞാന്‍ തുടങ്ങിയത് ഇവിടെയാണ്. എല്ലായിടത്തും എനിക്ക് ഇത്രയും അംഗീകാരം ഉണ്ടെങ്കിലും ഞാന്‍ ശരിക്കും ഇവിടെയാണ്. എന്‍ജോയ് ചെയ്യുന്ന തരത്തിലുള്ള പടം ചെയ്യണമെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം,’ ദുല്‍ഖര്‍ പറഞ്ഞു.
മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് തനിക്ക് തോന്നാറുള്ളതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. മലയാളത്തില്‍ സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ തനിക്ക് ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ മതിയെന്നും തനിക്കതില്‍ വേറെ വലിയ പഠനമൊന്നും ആവശ്യമില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന പോലെയാണ് എനിക്ക് തൊന്നാറ്. അത് ലൊക്കേഷന്‍ എവിടെയായാലും കുഴപ്പമില്ല. നമ്മുടെ ഭാഷയില്‍ സ്‌ക്രിപ്റ്റ് കിട്ടുമ്പോള്‍ എനിക്ക് ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ മതി. എനിക്കതില്‍ വേറെ വലിയ പഠനമൊന്നും ആവശ്യമില്ല. ഏറ്റവും കംഫര്‍ട്ട് മലയാളത്തില്‍ തന്നെയാണ്. ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതുകൊണ്ട് പിന്നെ എനിക്ക് ഫെമിലിയര്‍ തമിഴാണ്. പിന്നെ ഹിന്ദി. തെലുഗു ആണ് എനിക്കിപ്പോഴും മുഴുവന്‍ അറിയാത്തത്. തെലുഗു മനസിലായി തുടങ്ങിയ പറയാന്‍ പക്ഷെ നന്നായി അറിയില്ല. ഹൈദരാബാദ് പ്രൊമോഷനിലൊക്കെ ഐശ്വര്യ എനിക്ക് ചില വാക്കുകളൊക്കെ പറഞ്ഞുതരും. നമ്മുടെ ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഭാഷ പഠിക്കാനെന്തോ പ്രത്യേക ടാലന്റുണ്ട്. എനിക്കെത്ര ക്രെഡിറ്റ് തന്നിട്ടും കാര്യമില്ല, കാരണം സംയുക്ത ആണെങ്കിലും ഐശ്വര്യയാണെങ്കിലും അനുപമ ആണെങ്കിലുമൊക്കെ കോണ്‍ഫിഡന്റായിട്ട് സംസാരിക്കുകയും ചെയ്യും അഭിമുഖവും കൊടുക്കും, അതും വെള്ളം പോലെ പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
Content Highlights: Dulquer salman about mammootty