| Wednesday, 21st September 2022, 6:25 pm

എന്നെ ഇത്രയും സ്നേഹിക്കുന്ന തെലുങ്ക് ആരാധകരോട് ഞാന്‍ ചെയ്യുന്ന അനീതിയാണ് അത്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാ രാമം എന്ന ലെഫ്. റാമിന്റെ പ്രണയകഥ കൂടി എത്തിയതോടെ, സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷ വെക്കുന്ന നായകനായി ദുല്‍ഖര്‍ വളര്‍ന്നുകഴിഞ്ഞു.

മലയാളത്തില്‍ തുടങ്ങി, തമിഴിലും തെലുങ്കിലും പ്രിയപ്പെട്ട താരമായി വളര്‍ന്ന്, ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് ദുല്‍ഖര്‍. ഇതിനിടയില്‍ ഹിന്ദിയിലും മികച്ച ടീമിനൊപ്പം നായകനായി എത്തി.

‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്ന ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ സിനിമ. വിവിധ ഭാഷകളില്‍ നായകനായി എത്തുന്നതിനെ കുറിച്ച് താന്‍ അത്ര ആഴത്തില്‍ ആലോചിച്ചിട്ടില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

തമിഴിലേക്ക് വരുമെന്ന് ചിന്തിച്ചിരുന്നെന്നും എന്നാല്‍ മറ്റു ഭാഷകള്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ദുല്‍ഖര്‍ പറയുന്നു. തെലുങ്ക് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിലെ വിഷമവും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പങ്കുവെക്കുന്നുണ്ട്.

‘ഒരു നടനെ സംബന്ധിച്ച് അയാളുടെ സിനിമകള്‍ ഒരുപാട് ഭാഷകളില്‍ ഇറങ്ങുന്നത് സന്തോഷം തരുന്നതാണ്. രജനികാന്ത്, ഷാരൂഖ് ഖാന്‍ എന്നിവരെ കണ്ടാണ് നമ്മള്‍ വളരുന്നത്. അവരുടെ സിനിമകള്‍ക്ക് മറ്റ് ഭാഷകളില്‍ പോലും വലിയ ഓപ്പണിങ് ലഭിക്കാറുണ്ട്.

പക്ഷെ, എന്റെ കാര്യത്തില്‍ ആ ഭാഷകളില്‍ തന്നെയുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു എന്ന കാര്യമുണ്ട്. അങ്ങനെ അഭിനയിക്കുന്നതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചിട്ടില്ല, ഓരോ സിനിമ ചെയ്യുമ്പോഴും പുതിയ വാതിലാണ് തുറക്കുന്നത്.

ഒരുപക്ഷെ തമിഴില്‍ ഞാന്‍ സിനിമ ചെയ്യുമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഞാന്‍ വളര്‍ന്നത് ചെന്നൈയിലാണ്. എനിക്ക് തമിഴ് നന്നായിട്ട് അറിയാം. എന്നാല്‍ ഒരിക്കലും തെലുങ്കില്‍ ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ കരുതിയതല്ല. എനിക്ക് തെലുങ്ക് തീരെ അറിയില്ല.

ഞാന്‍ ആദ്യമായി ഹൈദരബാദില്‍ പോകുന്നത് പോലും ഫിലിം ഫെയര്‍ അവാര്‍ഡിന് വേണ്ടിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ നാട്ടില്‍ കഴിഞ്ഞിട്ടുമില്ല, തെലുങ്ക് ഭാഷയുമായി ബന്ധപ്പെടേണ്ട ഒരു ആവശ്യം വന്നിട്ടുമില്ല.

ഇപ്പോള്‍ എനിക്ക് തെലുങ്ക് ഏകദേശം പൂര്‍ണമായും മനസിലാകും. പക്ഷെ സംസാരിക്കാനാറിയില്ല. സിനിമയിലെ ഡയലോഗൊക്കെ പറയാം. പക്ഷെ ഒരാളോട് സംസാരിക്കാനായിട്ടില്ല. ഞാന്‍ ഇപ്പോള്‍ തെലുങ്ക് പഠിച്ചുകൊണ്ടിരിക്കുകയാണ്.

തെലുങ്ക് പ്രേക്ഷകരുമായി നേരിട്ട് ഇന്ററാക്ട് ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ അവരോട് ആ ഭാഷയില്‍ സംസാരിക്കാനാകാത്തത് ഒരു അനീതിയാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം, മറ്റൊരു ഭാഷയില്‍ നിന്നുമെത്തിയ എന്നെ അവര്‍ വല്ലാതെ സ്‌നേഹിക്കുന്നു, സ്വീകരിക്കുന്നു. അപ്പോള്‍ ഏറ്റവും കുറഞ്ഞത് അവരോട് അവരുടെ ഭാഷയില്‍ സംസാരിക്കാനെങ്കിലും എനിക്ക് കഴിയണമെന്നാണ് ഞാന്‍ കരുതുന്നത്.

ഒരു ഭാഷ മനസിലാക്കിയാല്‍ നമുക്ക് ആ ഭാഷ സംസാരിക്കുന്നവരോട് കുറച്ച് കൂടി നന്നായി എക്‌സ്പ്രസ് ചെയ്യാനാകും. അവരെ കൂടുതല്‍ മനസിലാക്കാനും കഴിയും. അവര്‍ സിനിമയെ കുറിച്ച് നല്ലത് പറയുന്നതും വിമര്‍ശനങ്ങളുമെല്ലാം നന്നായി മനസിലാക്കാനും, മറുപടി നല്‍കാനും കഴിയും. എത്രയായാലും ഇംഗ്ലിഷില്‍ അങ്ങനെ സാധിക്കില്ലല്ലോ,’ ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം സീതാ രാമത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യ മുഴുവന്‍ ദുല്‍ഖറിന്റെ ആരാധകരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ബോളിവുഡിലും സീതാ രാമത്തിന്റെ ഹിന്ദി പതിപ്പ് ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ പുതിയ ചിത്രമായ ചുപ്പിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുന്ന ചിത്രം തെരഞ്ഞെടുത്ത നഗരങ്ങളില്‍ പ്രേക്ഷകര്‍ക്കായി ഫ്രീ പ്രിവ്യു നടത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ അഭിനയവും പ്രശംസിക്കപ്പെടുന്നുണ്ട്.

സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന്‍ ഗുരു ദത്തിനുള്ള സമര്‍പ്പണമാണ് ചിത്രം.

Content Highlight: Dulquer Salman about his lack of knowledge in Telugu and Telugu fans

We use cookies to give you the best possible experience. Learn more