മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏത് സിനിമയായാലും ഏറ്റവുമയുര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ഇടാന്‍ കെല്പുള്ള നടനാകാന്‍ ചുരുങ്ങിയ കാലം കൊണ്ട് ദുല്‍ഖറിന് സാധിച്ചു. കൊവിഡ് കാലത്ത് പകുതി ഒക്ക്യുപ്പന്‍സിയില്‍ റിലീസ് ചെയ്ത കുറുപ്പ് റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്.
നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിനം മികച്ച കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുല്‍ഖര്‍ മലയാളത്തില്‍ ഒരു സിനിമ പോലും ചെയ്തിരുന്നില്ല.
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ നായകനാകുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം 1980കളിലെ ബോംബൈ നഗരത്തിലെ ബാങ്കറുടെ കഥയാണ് പറയുന്നത്. ദുല്‍ഖറിന്റെ 44ാമത് ചിത്രമാണ് ഇത്. താന്‍ വെറും 44 ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെന്നും പിതാവ് മമ്മൂട്ടി 420ലധികം സിനിമകള്‍ ഇതിനോടകം ചെയ്തുവെന്ന് പറയുകയാണ് ദുല്‍ഖര്‍. ഇപ്പോഴും ഓരോ പുതിയ കഥ കേട്ട് അതില്‍ അഭിനയിക്കുകയാണ് പിതാവെന്നും ദുല്‍ഖര്‍ പറഞ്ഞു.
ഇത്ര കാലം സിനിമയില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്റെയുള്ളില്‍ ഉണ്ടായിരുന്ന ചോദ്യം ഇനി അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമോ എന്നായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നേരം തന്റെ മുഖം ആളുകള്‍ കണ്ടുകൊണ്ടിരിക്കുമോ എന്നുള്ള ചിന്തകള്‍ അന്ന് തനിക്ക് ഉണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു.
വര്‍ഷത്തില്‍ ഒരു മലയാളസിനിമയെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നെന്നും എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈ വര്‍ഷം അത് നടന്നില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷന്‍ വേളയിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ലക്കി ഭാസ്‌കര്‍ എന്റെ 44ാമത്തെ സിനിമയാണ്. വാപ്പച്ചി 42ല്‍ കൂടുതല്‍ സിനിമ ഇതിനോടകം ചെയ്തുകഴിഞ്ഞു. ഒരിക്കലും ആ ലെവലിലേക്ക് എനിക്ക് എത്താന്‍ പറ്റുമെന്ന് കരുതുന്നില്ല. കഴിഞ്ഞ ദിവസം കൂടി ഞങ്ങള്‍ വീട്ടിലിരിക്കുന്ന സമയത്ത് പുള്ളി ഭയങ്കര ഹാപ്പിയായി കാണപ്പെട്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍ ‘ഒരു പുതിയ ക്യാരക്ടര്‍ കിട്ടി’ എന്ന് പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ആ സിനിമയുടെ ഷൂട്ട് തുടങ്ങും.
ഇത്രയും കാലം ഫീല്‍ഡില്‍ നില്‍ക്കാന്‍ പറ്റുമെന്ന് പോലും കരുതിയിരുന്നില്ല. ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നത് അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്നായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ചെയ്ത സമയത്ത് ഇതേ ചിന്ത തന്നെയായിരുന്നു എനിക്ക്. വര്‍ഷത്തില്‍ ഒരു മലയാളസിനിമയെങ്കിലും ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കുറച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ വര്‍ഷം അത് നടന്നില്ല,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
Content Highlight: Dulquer Salman about his experience in first movie