|

പരിക്ക് പറ്റിയിട്ടും താൻ എങ്ങനെ എങ്കിലും അഭിനയിക്കും എന്നാണ് ഗോകുൽ പറഞ്ഞത്: ദുൽഖർ സൽമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയിലെ ഗോകുല്‍ സുരേഷിന്റെ അഭിനയത്തെക്കുറിച്ചും കമ്മിറ്റ്‌മെന്റിനെ കുറിച്ചും പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കൊത്തയില്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന കഥാപാത്രം ഗോകുലിന്റേതായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. സിനിമയില്‍ ഫുട്‌ബോള്‍ സീക്വന്‍സ് ഷൂട്ട് ചെയ്യവേ ഗോകുലിന്റെ കാലില്‍ പരിക്ക് പറ്റിയെന്നും മൂന്ന് മാസം ഡോക്ടര്‍മാര്‍ റെസ്റ്റ് പറഞ്ഞിട്ടും അഭിനയിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞു. ആ വേദന വെച്ച് തന്നെ അദ്ദേഹം ഡാന്‍സും ചെയ്‌സുമെല്ലാം ചെയ്തുവെന്നും ദുല്‍ഖര്‍ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ പറഞ്ഞു.

‘സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ പോകുന്ന കഥാപാത്രം ഗോകുലിന്റെതാകും. സുരേഷേട്ടന്റെ (സുരേഷ് ഗോപി) ഒരു ഷെയ്ഡുമില്ലാതെ അവന്റേതായൊരു വ്യക്തിത്വമുള്ള ഫാക്ടറുണ്ട്. അതുപോലെ തന്നെയാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്.

ഈ പടത്തിലെ ഫുട്‌ബോള്‍ സീക്വന്‍സ് ഷൂട്ട് ചെയ്തപ്പോഴേക്കും ഗോകുലിന്റെ കാലിന് വലിയൊരു പരിക്ക് പറ്റി. ശരിക്കും നടക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ട് മൂന്ന് മാസം റെസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അല്ലെങ്കില്‍ ഇനിയും ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു.

പക്ഷേ ഒറ്റ ദിവസം പോലും നമ്മുടെ ഷൂട്ടിന് ഗോകുല്‍ കാരണമൊരു ഡിലേയും വന്നില്ല. ഐറ്റം സോങ്ങിലെ ഓപ്പണിങ് ഷോട്ടില്‍ ഗോകുല്‍ ഡാന്‍സ് കളിക്കുന്നുണ്ട്. അവനവിടെ നിന്ന് അഡ്ജസ്റ്റ് ചെയ്താണ് ഡാന്‍സ് കളിച്ചതെങ്കിലും പ്രേക്ഷകര്‍ക്ക് ഒരു പോയിന്റില്‍ പോലും അത് ക്യാച്ച് ചെയ്യില്ല.

സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അറിയാം അവന്റെ സ്‌ട്രെയിനും എത്രമാത്രം വേദന സഹിച്ചാണ് അത് ചെയ്തതെന്നും. അതില്‍ ഓട്ടവും ചേയ്‌സുമൊക്കെയുണ്ട്. ചെയ്യിപ്പിക്കാന്‍ നമുക്കും ബുദ്ധിമുട്ടുണ്ട്. പക്ഷേ അവന്‍ ഒരിക്കലും ‘ഇല്ല, അതിനെക്കുറിച്ച് ചിന്തിക്കണ്ട, ഷൂട്ട് നടക്കട്ടേ, ഞാനത് എങ്ങനെയാണെങ്കിലും ചെയ്തിരിക്കും’ എന്ന് പറയും.

അത്രയും ഡെഡിക്കേഷനും സത്യസന്ധതയുമുള്ളയാളാണ് ഗോകുല്‍. ഒരുപാട് ഹാര്‍ട്ടുള്ള ഒരു കുട്ടിയാണവന്‍. ഭയങ്കരം പാഷനായിട്ടാണ് അവന്‍ ചെയ്യുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തുന്നത്. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

content highlights: Dulquer salman about gokul suresh and his dedication towards king of kotha