നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു; ഭീഷ്മ പര്‍വ്വത്തെ പറ്റി ദുല്‍ഖര്‍
Film News
നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു; ഭീഷ്മ പര്‍വ്വത്തെ പറ്റി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th March 2022, 12:42 pm

ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയിലും ഭീഷ്മ പര്‍വ്വം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഒരുപാട് സിനിമ താരങ്ങള്‍ വന്നിരുന്നു.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനും ഭീഷ്മ പര്‍വ്വം സിനിമയെ കുറിച്ച് പറയുകയാണ്. സിനിമ കാണുമ്പോള്‍ താന്‍ ഇമോഷണലായിരുന്നുവെന്നും, നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയെന്നും  താരം കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യു വിത്ത് രേഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

”ചെന്നൈയില്‍ നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വ്വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വെച്ച് കാണേണ്ട സിനിമയാണെന്ന് തോന്നി. അവിശ്വസിനീയമാണിത്. ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടതിന് ശേഷം എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു.

സിനിമ കാണുമ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ല,” ദുല്‍ഖര്‍ പറഞ്ഞു.

Mammootty on Twitter: "#Bheeshmaparvam Watch Teaser : https://t.co/kKDdXk7urL https://t.co/IVJYzPIocy" / Twitter

‘സിനിമയിലെ സംഗീതവും വളരെ നന്നായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേരുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാകാറുണ്ട്. അത് വളരെ അപൂര്‍വ്വമാണ്. എല്ലാ കലാകാരന്മാരും അന്വേഷിക്കേണ്ട ഒരു കാര്യമാണത്. അത് എപ്പോഴും കിട്ടണമെന്നില്ല. അതുപോലെയുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ സ്വപ്നം കാണാറുള്ളത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഭീഷ്മ പര്‍വ്വത്തോടൊപ്പം ദുല്‍ഖറിന്റെ ഹേ സിനാമികയും ക്ലാഷ് റിലീസിനെത്തിയിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസായ ചിത്രം അഞ്ച് ഭാഷകളിലാണ് എത്തിയത്.

റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായത്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഒരുപാട് നാളുകളായി ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയായിരുന്നു സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിച്ചത്.

മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Content Highlight: dulquer salman about bheeshma parvam and mammootty