|

'എന്നെ നിങ്ങളുടെതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി'; സീതാ രാമം വിജയത്തില്‍ പ്രേക്ഷകര്‍ക്ക് തുറന്ന കത്തുമായി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സീതാ രാമം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ലഫ്. റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് നിറകണ്ണുകളോടെയാണ് പല പ്രേക്ഷകരും തിയേറ്റര്‍ വിട്ടത്. ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിനും മികച്ച പ്രതികരണം ലഭിക്കുന്നതിലും പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖര്‍ നന്ദി കത്ത് പങ്കുവെച്ചത്. തനിക്കുള്ള സന്തോഷവും നന്ദിയും വാക്കുകളില്‍ പറയാന്‍ കഴിയില്ലെന്നും, സ്വന്തം പോലെ തന്നെ സ്വീകരിച്ചതിന് നന്ദിയെന്നുമാണ് ദുല്‍ഖര്‍ കത്തില്‍ പറയുന്നത്. കത്ത് പുറത്ത് വന്നതിന് പിന്നാലെ ആരാധകരും സിനിമാ പ്രേമികളും കത്ത് ഏറ്റെടുത്ത് കഴിഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച കത്തിന്റെ പൂര്‍ണരൂപം

എന്നെ അത്ഭുതപ്പെടുത്തിയ തെലുങ്ക് പ്രേക്ഷകര്‍ക്ക്,

തെലുങ്കില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത എന്റെ ആദ്യത്തെ സിനിമ ‘ഓകെ ബംഗാരം'(ഓ.കെ കണ്‍മണി) ആണ്. ആ ചിത്രത്തില്‍ അവസരം നല്‍കിയതിന് മണി സാറിന് നന്ദി, നിങ്ങള്‍ എല്ലാവരും ആ ചിത്രത്തിലൂടെ എനിക്കൊരു അവസരം നല്‍കി, അതിലൂടെ എനിക്ക് അളവറ്റ സ്‌നേഹവും നല്‍കി. പിന്നീട്, നാഗിയും വൈജയന്തിയും എനിക്കൊരു അവസരം തന്നു. ‘മഹാനടി’ യില്‍ ജെമിനിയായി അഭിനയിക്കാന്‍.

ഗ്രേ ഷേഡുകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിനും നിങ്ങള്‍ എനിക്ക് സ്‌നേഹവും ബഹുമാനവും നല്‍കി. സിനിമ ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം ‘അമ്മഡി’ എന്റെ ജീവിതത്തിന്റെ സ്ഥായിയായി മാറി. കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത ചിത്രങ്ങളായിരുന്നിട്ടും ആ ചിത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്.

സ്വപ്നയും ഹനുവും സീതാ രാമവുമായി എന്നെ സമീപിച്ചപ്പോള്‍, ഞാന്‍ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കറിയാമായിരുന്നു. അവര്‍ ഒരു നിലവാരമുള്ള സിനിമ നല്‍കുമെന്ന് എനിക്കറിയാമായിരുന്നു, മാത്രമല്ല എപ്പോഴും അതുല്യവും വഴിത്തിരിവാകുന്നതുമായ തെലുങ്ക് സിനിമകള്‍ മാത്രമേ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

ഒട്ടനവധി കലാകാരന്മാരുടെയും പ്രതിഭകളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നമാണ് സീതാ രാമം. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും കാരണമാണ് അത് മനോഹരമായി മാറിയത്. റിലീസായ ദിവസം ഞാന്‍ കരഞ്ഞുപോയി, കാരണം സിനിമയുടെ അമിതഭാരം തോന്നിയതിനാലും ആളുകള്‍ എങ്ങനെ സിനിമ സ്വീകരിക്കുന്നു എന്ന ചിന്തയിലുമായിരുന്നു അത്. ഹനു, മൃണാള്‍, രശ്മിക, സുമന്ത് അന്ന, വിശാല്‍, പി.എസ് വിനോദ് സാര്‍, പിന്നെ എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.

തെലുങ്കിലെ സിനിമാ പ്രേമികളായ പ്രേക്ഷകരെ നിങ്ങള്‍ക്ക് നന്ദി. സിനിമ കലയിലെ ഏറ്റവും വലിയ വിശ്വാസികള്‍ക്ക് നന്ദി. എന്നെ നിങ്ങളുടേതാണെന്ന് തോന്നിപ്പിച്ചതിന് നന്ദി.

നിങ്ങളുടെ സ്‌നേഹപൂര്‍വ്വം,
റാം (ദുല്‍ഖര്‍ സല്‍മാന്‍)

അതേസമയം വേള്‍ഡ് വൈഡ് റിലീസായെത്തിയ സീതാ രാമത്തിന് ബോക്സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡ് കൂടി ഇതോടെ ദുല്‍ഖര്‍ കരസ്ഥമാക്കി. മൂന്ന് ദിവസം കൊണ്ട് സീതാ രാമം ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത് 30 കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്.

Content Highlight: Dulquer Salmaan Wrote a letter to Thank Telung audience For Accepting His new movie Sita Ramam