| Thursday, 7th September 2023, 1:46 pm

ഒരിക്കല്‍ അങ്ങയുടെ പാതിയെങ്കിലുമായി മാറാനാവുമെന്നാണ് എന്റെ പ്രതീക്ഷ വാപ്പച്ചി: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒരിക്കല്‍ അങ്ങയുടെ പാതിയെങ്കിലുമായി മാറാനാവുമെന്നാണ് പ്രതീക്ഷയെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇനിയും അങ്ങേക്ക് മാത്രം സാധിക്കുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരാനാവട്ടെയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘ചെറുപ്പത്തില്‍ അങ്ങയേ പോലൊരു വ്യക്തിയാവാനാണ് ഞാന്‍ ആഗ്രഹിച്ചത്. ക്യാമറയുടെ മുന്നില്‍ നിന്നപ്പോള്‍ അങ്ങയെ പോലെയൊരു നടനാവണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരു പിതാവായപ്പോള്‍ പൂര്‍ണമായും അങ്ങയേ പോലെയാവാനാണ് ആഗ്രഹിച്ചത്. ഒരിക്കല്‍ അങ്ങയുടെ പാതിയെങ്കിലുമായി മാറുനാവുമെന്നാണ് എന്റെ പ്രതീക്ഷ വാപ്പച്ചി.

ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇനിയും അങ്ങേക്ക് മാത്രം സാധിക്കുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരാനാവട്ടെ,’ ദുല്‍ഖര്‍ കുറിച്ചു.

72ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളറിയിച്ച് സിനിമാ, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വര്‍ഷത്തേതുമെന്ന പോലെ ഇത്തവണയും ആരാധകര്‍ അദ്ദേഹത്തിന് വീടിന് മുന്നില്‍ ഒത്തുകൂടിയിരുന്നു. ഇത്തവണ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ആരാധകരെ കാണാന്‍ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, ഡിനോ ഡെന്നീസിന്റെ ബസൂക്ക, രാഹുല്‍ സദാശിവന്റെ ഭ്രമയുഗം എന്നിവയാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഹൊറര്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ ഭയാനകമായ ക്ലോസപ്പ് ലുക്കിലാണ് മമ്മൂട്ടിയെ കാണുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Content Highlight: Dulquer Salmaan wishes Mammootty on his birthday

We use cookies to give you the best possible experience. Learn more