കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 69 ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്നത് മറ്റൊരു ആശംസയ്ക്ക് ആയിരുന്നു. അത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെതായിരുന്നു.
ഹൃദയസ്പര്‍ശിയായ കുറിപ്പാണ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പങ്കുവെച്ചത്. എന്റേത്, എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍ നേരുന്നു. എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ്. എന്ത് കാര്യത്തിനും എനിക്ക് അടുത്തുചെല്ലാവുന്നയാള്‍. എപ്പോഴും എല്ലാം കേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നയാള്‍. എന്റെ സമാധാനവും സെന്നും നിങ്ങളാണ്. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അവിശ്വസനീയമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാനെപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞത് തന്നെ ഞങ്ങള്‍ക്ക് ഏറ്റവും വലിയ ഭാഗ്യമാണ്. മറിയത്തിനൊപ്പം നിങ്ങളെ കാണുമ്പോള്‍ ഞാനേറെ സന്തോഷിക്കുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ. നിങ്ങള്‍ ചെറുപ്പമാകുന്തോറും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കൂ.അളവുകളില്ലാതെ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്, എന്നായിരുന്നു ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാലടക്കം നിരവധി പേര്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ ചിത്രത്തിലെ ഏറെ പ്രശസ്തമായ മോഹന്‍ലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനിലെ ഭാഗങ്ങളിലെ രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ളത്. ഓര്‍മ്മകളും അനുഭവങ്ങളുമായുള്ള ആശംസകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകലോകം.
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.
എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായില്ല. പിന്നീട് 1980ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.
പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.
49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക