| Sunday, 14th May 2023, 9:31 am

ഇനി മാസ് എന്റര്‍ടെയ്‌നര്‍; ധനുഷ് ചിത്രത്തിന്റെ സംവിധായകനൊപ്പം ദുല്‍ഖര്‍; നിര്‍മാണം തെന്നിന്ത്യന്‍ വമ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ വെങ്കി അറ്റ്‌ലൂരിയുമായി കൈ കോര്‍ക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍. ധനുഷ് ചിത്രം വാത്തിയാണ് ഒടുവില്‍ പുറത്ത് വന്ന വെങ്കി അറ്റ്‌ലൂരിയുടെ ചിത്രം. തമിഴിലും തെലുങ്കിലുമായി വാത്തി, ജെഴ്‌സി, ഭീംല നായക് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്.

ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ഷൂട്ട് തുടങ്ങും. 2024ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തെന്നിന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് താരമായ ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ സംവിധായകനും പ്രൊഡക്ഷന്‍ ഭീമനും ഒന്നിക്കുമ്പോള്‍ ഒരു മാസ് എന്റര്‍ടെയ്‌നറില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

കിങ് ഓഫ് കൊത്തയാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം. ഈ വര്‍ഷം ഓണത്തിനാണ് റിലീസ് ചെയ്യുന്നതെങ്കിലും ഇപ്പോള്‍ സജീവ ചര്‍ച്ചയിലുണ്ട് ചിത്രം.

കിങ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് കരസ്ഥമാക്കിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റെക്കോഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാന്‍ റഹ്‌മാനുമാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കാരൈക്കുടിയില്‍ അവസാനം കുറിച്ചത്. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരംഭമാണ് കിങ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Content Highlight: Dulquer Salmaan to join hands with Venky Atluri for new movie 

Latest Stories

We use cookies to give you the best possible experience. Learn more