| Thursday, 24th August 2023, 8:24 pm

നന്ദി ലാലേട്ടാ; കിങ് ഓഫ് കൊത്തക്ക് വേണ്ടി നന്ദി അറിയിച്ച് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. കിങ് ഓഫ് കൊത്തക്ക് വേണ്ടി വോയ്‌സ് ഓവര്‍ നല്‍കിയതിനാണ് മോഹന്‍ലാലിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ എത്തിയത്. മോഹന്‍ലാലിന്റെ നരേഷനോടെയാണ് കിങ് ഓഫ് കൊത്ത ആരംഭിക്കുന്നത്.

ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കിങ് ഓഫ് കൊത്തക്ക് ലഭിക്കുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയും സംഗീതവും പ്രകടനങ്ങളും മികച്ച് നിന്നപ്പോള്‍ തിരക്കഥയില്‍ ചിത്രത്തിന് പാളിച്ച സംഭവിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മാസ് രംഗങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ഒരു ഫീല്‍ നല്‍കാനായില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ കിങ് ഓഫ് കൊത്ത മലയാളത്തില്‍ നിന്നുമെത്തിയ മികച്ച മാസ് ആക്ഷന്‍ ചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് വലിയ റിലീസ് ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ലഭിച്ച ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്.

സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത് നിര്‍മിച്ചിരിക്കുന്നത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Dulquer Salmaan thanks Mohanlal

We use cookies to give you the best possible experience. Learn more