പങ്കാളിയായ അമാലിനെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ ഒരു നടനാണെന്ന കാര്യം അമാല്‍ കാര്യമായി മൈന്‍ഡ് ചെയ്യാറില്ലെന്നും തന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ പെര്‍ഫെക്ടായി എല്ലാം ചെയ്യാനായി നോക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. പല കാര്യങ്ങളിലും തങ്ങള്‍ രണ്ട് പേരും നേര്‍വിപരീതമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് അമാലിനെ പറ്റി ദുല്‍ഖര്‍ പറഞ്ഞത്.
‘എന്നെ അപേക്ഷിച്ച് അമാല്‍ വളരെ ശാന്തയാണ്. ചില സമയത്ത് ഞാന്‍ ഒരു കാണാന്‍ കൊള്ളാവുന്ന പോപ്പുലറായ ടാലന്റഡായ ഒരു ആക്ടറാണെന്ന കാര്യം അവള്‍ അംഗീകരിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട് (ചിരിക്കുന്നു). അവള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത പോലെയാണ്.
അമാല്‍ എപ്പോഴും പെര്‍ഫെക്ടായിരിക്കും. ഞാന്‍ അങ്ങനെയല്ല. എന്റെ സര്‍ക്കിളുകളില്‍ സോഷ്യല്‍ എക്സ്ട്രോവേര്‍ട്ടാണ് ഞാന്‍. അമാല്‍ ഒരു ചുവട് പോലും തെറ്റായി വെക്കില്ല. അക്കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേരും ഓപ്പോസിറ്റാണ്. ഇങ്ങനെ പെര്‍ഫെക്ടാവേണ്ട കാര്യമില്ല എന്ന് ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
ഇതുവരെ അഭിനയിച്ചതില്‍ ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി തോന്നിയ നായിക ആരാണെന്ന ചോദ്യത്തിനും ദുല്‍ഖര്‍ മറുപടി നല്‍കി. ‘ഇപ്പോള്‍ ചോദിക്കുകയാണെങ്കില്‍ അത് മൃണാളാണ്. കാരണം സീതാരാമമാണ്. പെയറിങ്ങ് സിനിമയേയും ആ കോമ്പിനേഷനേയും ആശ്രയിച്ചിരിക്കും.
ഓ.കെ. കണ്‍മണിയില്‍ നിത്യയും നല്ല കോമ്പിനേഷനായിരുന്നു. ഇവര്‍ രണ്ട് പേരുമായാണ് ഏറ്റവും കൂടുതല്‍ കെമിസ്ട്രി തോന്നിയിട്ടുള്ളത്. ആളുകള്‍ പറഞ്ഞു കേട്ടിട്ടുള്ളതും ഇവരെ പറ്റിയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
ഹീരിയേ എന്ന ആല്‍ബത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുല്‍ഖര്‍ അഭിമുഖം നല്‍കിയത്. ജസ്‌ലീന്‍ റോയലും അര്‍ജീത്ത് സിങ്ങും പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ദുല്‍ഖറിനൊപ്പം ജസ്‌ലീന്‍ തന്നെയാണ് ആല്‍ബത്തില്‍ അഭിനയിച്ചത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.
Content Highlight: dulquer salmaan talks about the likes and dislikes with amal sufiya