| Thursday, 25th August 2022, 10:12 am

ഹേ സിനാമികയോടെ ക്രാഷ് ലാന്റ് ചെയ്ത അവസ്ഥയിലായി, കേരളത്തിലാണെങ്കില്‍ അത് വാപ്പച്ചിയുടെ ഭീഷ്മ പര്‍വ്വത്തിന്റെ കൂടെയാണ് റിലീസ് ചെയ്തത്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ നിര്‍ണായക വഴിത്തിരിവ് സമ്മാനിച്ച ചിത്രമാണ് കുറുപ്പ്. കൊവിഡിന് ശേഷം തിയേറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനൊപ്പം ദുല്‍ഖറിന്റെ സ്റ്റാര്‍ വാല്യൂ ചിത്രം കുത്തനെ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നാലെ വന്ന ഹേ സിനാമിക വലിയ പരാജയമാണ് ദുല്‍ഖറിന് സമ്മാനിച്ചത്. സിനാമികയുടെ പരാജയത്തെ പറ്റി സംസാരിക്കുകയാണ് ഫിലിം ഷില്‍മിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍.

‘കുറുപ്പ് വലിയ ഹിറ്റ് ആണ് സമ്മാനിച്ചത്. അതിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമ ഹേ സിനാമിക അത്ര വിജയമായില്ല. ഹേ സിനാമിക ഒരു ലവ് സ്റ്റോറിയായിരുന്നു. പ്രത്യകിച്ച് വാപ്പച്ചീടെ ബിഗസ്റ്റ് ഹിറ്റ് ഭീഷ്മ പര്‍വ്വത്തിന്റെ കൂടെയാണ് അത് റിലീസ് ചെയ്തത്. ഇതൊരു ചെറിയ റിലീസായിരുന്നു. ആരും ആ സിനിമക്ക് വന്നില്ല. കുറുപ്പ് വിജയിച്ചപ്പോള്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന പേര് വീണു. എന്നാല്‍ അതിന് പിന്നാലെ ക്രാഷ് ലാന്റ് ചെയ്ത അവസ്ഥയായി. ഇന്‍ഡസ്ട്രിയുടെ സ്വഭാവം അങ്ങനെയാണ്. ഒരു ഹിറ്റ് ലഭിക്കുന്നത് ആശ്വാസമാണ്.

സീതാ രാമത്തിനായി ഞങ്ങളെല്ലാവരും പരിശ്രമിച്ചു. അതിന് ഫലമുണ്ടായി. വിജയത്തില്‍ ഞാന്‍ അമിതമായി ആഹ്‌ളാദിക്കുന്നുമില്ല. ഒരു സൂപ്പര്‍ സ്റ്റാര്‍ ഭാവത്തില്‍ എന്നോട് ഇങ്ങനെ സംസാരിക്കണം, ഇന്ന രിതിയിലുള്ള സിനിമ മാത്രം തരണം, വലിയ ഇന്‍ഡ്രോ വേണമെന്ന് പറയാന്‍ എനിക്കാവില്ല.

ഓരോ ഹേറ്ററിനേയും എനിക്ക് അറിയാം. നെഗറ്റീവ് കമന്റ്‌സും വിമര്‍ശനങ്ങളും വായിക്കാറുണ്ട്. എല്ലാം ഞാന്‍ വായിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയില്ലായിരിക്കും. ഞാന്‍ മുന്നോട്ട് ചിന്തിക്കുന്ന ആളാണ്. ഇന്‍ഡസ്ട്രിയില്‍ കുറച്ച് നാള്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ചെയ്യുന്ന സിനിമകള്‍ ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ വിജയിക്കില്ലായിരിക്കും. അതെല്ലാം എനിക്ക് നിയന്ത്രിക്കാനാവില്ല. എന്നെ തന്നെ കൂടുതല്‍ മികച്ചതാക്കാനാണ് നോക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

സീതാ രാമം ആണ് ഒടുവില്‍ റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തില്‍ മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് നായികമാരായത്. തെന്നിന്ത്യയില്‍ വന്‍വിജയമായി ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Dulquer salmaan talks about the failure of hey Sinamika

We use cookies to give you the best possible experience. Learn more