തനിക്ക് ഇഷ്ടമുള്ളത് പോലെയാണ് ആ നടന്‍ ജീവിക്കുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
Entertainment
തനിക്ക് ഇഷ്ടമുള്ളത് പോലെയാണ് ആ നടന്‍ ജീവിക്കുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th November 2024, 1:30 pm

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.മലയാളത്തിലെ താരപുത്രന്മാരിലൊരാളായ പ്രണവ് മോഹന്‍ലാലും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍. പ്രണവ് അദ്ദേഹത്തിന് ഇഷ്ടമുള്ളതുപോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന് തന്റേതായ കുറച്ച് റൂള്‍സാണ് ഉള്ളതെന്നും ദുല്‍ഖര്‍ പറയുന്നു.

താനും പ്രണവും തമ്മില്‍ കുറേ പ്രായത്തിന്റെ വ്യത്യാസമുണ്ടെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണവിനോടൊപ്പവും കസിന്‍സിനോടൊപ്പവും കളിക്കാന്‍ പോകുമായിരുന്നെന്നും ഡി.ക്യു പറയുന്നു. എന്നാല്‍ വളര്‍ന്നതിന് ശേഷം ഇരുവര്‍ക്കും ഒന്നിച്ചിരുന്നു സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

‘പ്രണവ് അദ്ദേഹത്തിന് ഇഷ്ടമുള്ളത് പോലെയാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ റൂള്‍സ് അനുസരിച്ച് അദ്ദേഹം സന്തോഷത്തോടെ ജീവിക്കുന്നതുകാണുമ്പോള്‍ എനിക്കും ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രണവും ഞാനുമായിട്ടുള്ള ഓര്‍മകളെല്ലാം ഞങ്ങളുടെ കുട്ടികാലത്തുള്ളതാണ്.ഞാനും അവനും തമ്മില്‍ ഒരുപാട് വയസിന് വ്യത്യാസമുണ്ട്. അവന്‍ എന്നെക്കാളും ഒരുപാട് ചെറുതാണ്. എനിക്ക് എപ്പോഴും കുട്ടികളെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ഒരു ഒമ്പതാം ക്ലാസ് പത്താം ക്ലാസില്‍ എത്തുന്നത് വരെ ഞാന്‍ സ്ഥിരമായി അവന്റെ അടുത്ത് കളിക്കാന്‍ ചെല്ലുമായിരുന്നു. അവിടെ പ്രണവിന്റെ കസിന്‍സും ഉണ്ടാകും എന്നിട്ട് ഞങ്ങള്‍ എല്ലാവരും കൂടെയായിരുന്നു കളിക്കുക.

അവരെല്ലാം ഒരേ പ്രായക്കാരായിരിക്കും ഞാന്‍ മാത്രമാണ് അവരെക്കാളും മൂത്തത്. ഞങ്ങള്‍ ഒന്നിച്ച് വീഡിയോ ഗെയിംസെല്ലാം കളിക്കും. അതിന് ശേഷം ഞാന്‍ എന്റെ തുടര്‍പഠനത്തിനായി കോളജിലേക്ക് പോയി അവനും അവന്റെ പഠനാവശ്യത്തിനായി വേറെ പോയി. അതിന് ശേഷം ഞങ്ങള്‍ രണ്ടുപേരും ഇരുന്നിട്ട് സംസാരിച്ചിട്ടില്ല. അതിനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Content Highlight: Dulquer Salmaan Talks About Pranav Mohanlal