| Monday, 19th December 2022, 11:42 pm

പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും, കാത്തിരിക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രത്തിനായി താനുള്‍പ്പെടെയുള്ള താരങ്ങള്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകന്‍ എന്ന നിലയില്‍ നമുക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ ചിത്രം വരുമ്പോള്‍ അത് വിജയിക്കാനാവും ആഗ്രഹിക്കുക എന്നും ഫിലിം കമ്പാനിയന്റെ ആക്ടേഴ്‌സ് ആഡയില്‍ അദ്ദേഹം പറഞ്ഞു. കൊവിഡിന് ശേഷം ബോളിവുഡും ഹിന്ദി താരങ്ങളും സിനിമ വിജയിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഷാരൂഖ് സാറിന്റെ അടുത്ത സിനിമക്കായി ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ്. പത്താന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണും. എല്ലാവരും അത് ഇഷ്ടപ്പെടും. എല്ലാവരേയും എക്‌സൈറ്റ് ചെയ്യിപ്പിക്കും.

പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മള്‍ സിനിമ കാണുമ്പോള്‍, അല്ലെങ്കില്‍ നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ വരുമ്പോള്‍ അത് വിജയിക്കാനായിരിക്കും ആഗ്രഹിക്കുക. അവര്‍ക്ക് മികച്ച സിനിമകളും മികച്ച ഹിറ്റുകളും വരാന്‍ നാം ആഗ്രഹിക്കും. അതുപോലെ ഇഷ്ടപ്പെട്ട നടന് ഒരു മോശം സിനിമ ഉണ്ടാകാനും നാം ആഗ്രഹിക്കില്ല. അങ്ങനെ ഒരു മോശം സിനിമ സംഭവിച്ചാല്‍ അത് പ്രേക്ഷകരെയും ബാധിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് പുറത്ത് വന്നതിന് പിന്നാലെ ഷാരൂഖിനും നായിക ദീപിക പദുക്കോണിനുമെതിരെ വലിയ സൈബര്‍ അറ്റാക്കാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വന്നത്. ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: dulquer salmaan talks about pathaan

We use cookies to give you the best possible experience. Learn more