| Friday, 18th August 2023, 8:56 am

ആ ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഒ.കെ. കണ്‍മണി വന്നത്, രണ്ടും വിട്ടുകളയാനാവില്ലായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒ.കെ. കണ്‍മണിയിലേക്ക് തന്നെ വിളിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. രണ്ട് ചിത്രങ്ങളും തനിക്ക് വിട്ടുകളയാനാവില്ലെന്നും ഒടുവില്‍ സംവിധാകന്‍ രാജീവ് രവിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമ്മട്ടിപാടത്തില്‍ അഭിനയിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് അറിയാമെങ്കിലും മണിരത്‌നം സാറിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താനാവില്ലായിരുന്നു. അതുകൊണ്ട് രാജീവേട്ടനോട് എന്റെ ഷെഡ്യൂള്‍ ഒന്ന് റീ ഓര്‍ഗനൈസ് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. അപ്പോള്‍ എനിക്ക് ഒരേസമയം രണ്ട് ചിത്രങ്ങളിലും വര്‍ക്ക് ചെയ്യാന്‍ സാധിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടിക്ക് പുറമേ ഇഷ്ടപ്പെട്ട നടന്മാരെ പറ്റിയും ദുല്‍ഖര്‍ സംസാരിച്ചു. ‘ബ്രാഡ് പിറ്റ് വളരെ കൂളാണ്. അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത് അത്ഭുതകരമാണ്. പിന്നെ മാത്യു മക്കോനഹെയ്നേയും ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഗ്രീന്‍ ലൈറ്റ്സ് എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം യുണീക്കാണ്.

ഈ പുസ്തകത്തില്‍ പറഞ്ഞതൊക്കെ നടക്കുന്നുണ്ടെന്ന് നമ്മള്‍ അറിയുന്നുണ്ടാവില്ല, ആഫ്രിക്കയിലേക്ക് പോയതൊക്കെ. ജീവിതാനുഭവങ്ങള്‍ നേടി അത് പെര്‍ഫോമന്‍സിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിന് ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

നെറ്റ്ഫ്ളികിസിന്റെ വെബ്ബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്സിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 18 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

Content Highlight: Dulquer Salmaan talks about OK Kanmani and Kammattippaadam

Latest Stories

We use cookies to give you the best possible experience. Learn more