2012ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങി ഇന്ന് 10 വര്‍ഷം സിനിമാ മേഖലയില്‍ പൂര്‍ത്തിയാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കരിയറിന്റെ തുടക്കത്തില്‍ അനുഭവിച്ചിരുന്ന ആശങ്കകളെ പറ്റി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒപ്പം ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന നിലയില്‍ വന്ന വെല്ലുവിളികളെ എങ്ങനെ നേരിട്ടിരുന്നു എന്നും മിഡ്‌ഡേ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
‘സോഷ്യല്‍ മീഡിയയില്‍ വരുന്നതെല്ലാം വായിക്കാറുണ്ട്. പോസിറ്റീവായിട്ടുള്ളത് വിട്ട് നെഗറ്റീവ് കമന്റ്‌സാണ് കൂടുതലും നോക്കുക. എന്നാല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ അതെന്നെ സ്വാധീനിക്കുന്നത് കുറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ആക്ടര്‍ എന്ന നിലയില്‍ സുരക്ഷിതമായ നിലയിലെത്തി എന്ന് തോന്നി. കരിയറിനെ പറ്റി കൂടുതല്‍ സുരക്ഷിതത്വബോധം തോന്നി.
ആദ്യ കാലത്ത് ഞാന്‍ എവിടെ പോവും, ഇന്‍ഡസ്ട്രിയില്‍ ഭാവി ഉണ്ടാകുമോ എന്ന ചിന്തകളെല്ലാം ബാധിച്ചിരുന്നു. ആളുകള്‍ എന്നെ പറ്റി എഴുതുമ്പോള്‍ ഞാന്‍ തീര്‍ന്നെന്ന് വിചാരിച്ചു. സോഷ്യല്‍ മീഡിയ എഴുത്തുകള്‍ വായിക്കാറില്ലായിരുന്നു എന്ന് പറഞ്ഞാല്‍ നുണയാവും. തീര്‍ച്ചയായും ഞാന്‍ അതെല്ലാം നോക്കാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
‘സ്‌ക്രീനില്‍ എനിക്ക് എന്റേതായ ഐഡന്റിറ്റി വേണമായിരുന്നു. ഓഡിയന്‍സ് എന്നിലെ ആക്ടറിനെയാണ് കാണേണ്ടത്, ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് കാണേണ്ടത്. എനിക്ക് എന്റേതായ സിനിമകള്‍ കണ്ടെത്തണണായിരുന്നു. വാപ്പച്ചി ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായത് എനിക്ക് ചെയ്യണമായിരുന്നു. ഒരുപാട് ദൂരം സഞ്ചരിച്ച് ഒരിടത്ത് എത്തി എന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോന്നി. ഒരേ ഇന്‍ഡസ്ട്രിയില്‍ ഒരു വശത്ത് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വലിയ സന്തോഷമാണ്.
നെഗറ്റീവ് റിവ്യു കാണുമ്പോള്‍ വാപ്പച്ചിയുടെ അടുത്ത് പോയി സംസാരിക്കും, അപ്പോള്‍ അദ്ദേഹവും അത് വായിച്ചിരുന്നു എന്ന് പറയും. 80കളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇന്നില്ല, ഇത് പുതിയ ആള്‍ക്കാരാണ്, ഇതൊന്നും കണ്ട് വിഷമിക്കണ്ട എന്ന് വാപ്പച്ചി പറയും,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഉടന്‍ പുറത്തിറങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. ശ്രേയ ധന്വന്തരി നായികയാവുന്ന ചിത്രത്തില്‍ സണ്ണി ഡിയോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlight: dulquer salmaan talks about mammootty’s response on the negative comments