| Sunday, 10th September 2023, 6:09 pm

'ലോകകപ്പില്‍ നന്ദി പറഞ്ഞ രാജ്യങ്ങള്‍ക്കൊപ്പം കേരളവുമുണ്ടായിരുന്നു, കേരളം രാജ്യമാണെന്നാണ് അവര്‍ വിചാരിച്ചത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ലോകകപ്പില്‍ നന്ദി പറഞ്ഞ രാജ്യങ്ങള്‍ക്കൊപ്പം കേരളവുമുണ്ടായിരുന്നുവെന്നും കേരളം ഒരു രാജ്യമാണെന്നാണ് അവര്‍ ധരിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞു. കേരളത്തിലെ ചെറിയ ക്ലബ്ബുകള്‍ ആഫ്രിക്കയില്‍ നിന്ന് പോലും കളിക്കാരെ കൊണ്ടുവരാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ബീര്‍ബൈസെപ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫുട്‌ബോളിന് കേരളത്തില്‍ വലിയ സ്വാധീനമുണ്ട്. ലോകകപ്പ് നടന്നപ്പോള്‍ നന്ദി പറഞ്ഞ രാജ്യങ്ങളുടെ കൂടെ കേരളവും ഉണ്ടായിരുന്നു. കേരളം ഒരു രാജ്യമാണെന്നാണ് അവര്‍ വിചാരിച്ചത്. അവിടെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ പുറത്ത് വരാറുണ്ട്.

ഫുട്‌ബോള്‍ സംബന്ധമായ എല്ലാം അവിടെ കാണും. ലോക്കലായി സെവന്‍സ് ഫുട്‌ബോള്‍ കളിക്കാറുണ്ട്. ലോക്കല്‍ ടൂര്‍ണമെന്റുകളുണ്ട്. ആഫ്രിക്കയില്‍ നിന്നും പ്ലെയേഴ്‌സിനെ കൊണ്ടുവന്ന് കളിപ്പിക്കും. അവരുടെ ക്ലബ്ബുകളിലുള്ള ചെറിയ ബജറ്റില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്ലെയേഴ്‌സിനെ കൊണ്ടുവരും.

വടക്കന്‍ കേരളത്തില്‍ ഷൂട്ടിന് പോയപ്പോള്‍ ഭ്രാന്തമായ ഫുട്‌ബോള്‍ പ്രേമമാണ് കണ്ടത്. വീടുകള്‍ക്ക് ഇഷ്ടടീമുകള്‍ക്കനുസരിച്ചുള്ള പെയ്ന്റടിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

മലയാളികള്‍ സ്മാര്‍ട്ടാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷരത നിരക്ക് മൂലമാണ് അങ്ങനെയൊരു ധാരണ ഉള്ളത്. കാരണം ഞങ്ങളുടെ സംസ്ഥാനത്ത് 100 ശതമാനം സാക്ഷരതയുണ്ട്.

പുറത്ത് വെച്ച് മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാണ്? മലയാളി ആണെന്നറിയുമ്പോള്‍ തന്നെ പിന്നാലെ വരുന്ന ചോദ്യം ഊഹിക്കാനാവും.

പിന്നെ അവിടെ നല്ല ഭക്ഷണമുണ്ട്. പത്തിരി എന്ന് പറയുന്ന ഒരു ഐറ്റമുണ്ട്. റൈസ് ചപ്പാത്തി എന്നൊക്കെ പറയാം. വളരെ നേര്‍ത്തതായിരിക്കും. ഒരേസമയമം രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കഴിക്കാനാവും. തേങ്ങാപ്പാല്‍ ഞങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാനഘടകമാണ്. പിന്നെ മട്ടന്‍, ചിക്കന്‍, ചെമ്മീന്‍ അങ്ങനെ കുറെ നോണ്‍വെജ് വിഭവങ്ങളുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan talks about kerala’s football love

We use cookies to give you the best possible experience. Learn more