Advertisement
Film News
ഈ കോലം കണ്ടിട്ടാണോ ഫാന്‍സ് പുറകെ നടക്കുന്നത്, ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യട്ടെ എന്ന് പറഞ്ഞ് അമാല്‍ കളിയാക്കും: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 03, 09:52 am
Monday, 3rd October 2022, 3:22 pm

കുടുംബത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള പോസ്റ്റുകളെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്. മമ്മൂട്ടിക്കും മകള്‍ മറിയത്തിനും ഭാര്യം അമാലിനുമൊപ്പമുള്ള പോസ്റ്റുകളെല്ലാം ദുല്‍ഖര്‍ പങ്കുവെക്കാറുണ്ട്. അമാല്‍ തന്നെ ഫാന്‍സിന്റെ പേര് പറഞ്ഞ് കളിയാക്കുന്നതിനെ പറ്റി പറയുകയാണ് ദുല്‍ഖര്‍.

ദുല്‍ഖറിന്റെ ആരാധികമാരെ അമാല്‍ എങ്ങനെ കാണുന്നു എന്നാണ് ഗുഡ്‌ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരക ചോദിച്ചത്. ‘ഈ ചോദ്യം ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഫാന്‍സ് എന്നില്‍ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല. വീട്ടിലെങ്ങനെയാണെന്ന് ഞാനല്ലേ കാണുന്നുള്ളൂ എന്നാണ് അവള്‍ ചോദിക്കുക.

ഇങ്ങനെ അലസമായി തോന്നിയത് പോലെയൊക്കെ വീട്ടിലിരിക്കുന്നത് അവളാണല്ലോ കാണുന്നത്. സോഫയിലൊക്കെ കിടക്കുമ്പോള്‍ അമാല്‍ ചോദിക്കും, ഇത് കണ്ടിട്ടാണോ ഫാന്‍സ് പുറകെ നടക്കുന്നത്, ഇതൊക്കെ ഫാന്‍സ് കാണണം, ഈ കോലത്തിലുള്ള ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടട്ടെ എന്നൊക്കെ പറയും,’ ദുല്‍ഖര്‍ പറഞ്ഞു.

മറിയത്തെ പറ്റിയും അഭിമുഖത്തില്‍ ദുല്‍ഖര്‍ സംസാരിച്ചു. ‘അവള്‍ക്കൊപ്പം വളരെ കുറച്ച് സമയം മാത്രമാണ് എനിക്ക് ചിലവഴിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് അമാലിന് ഇരട്ടി പണി എടുക്കേണ്ടി വരുന്നുണ്ട്. അമാല്‍ കുറച്ച്കൂടി സ്ട്രിക്റ്റാവും. ഞാന്‍ വന്ന് അതെല്ലാം കളയും.

മറിയം എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. പുള്ളിക്കാരി കാരണം ഞാന്‍ എന്റെ തന്നെ ഫില്‍മോഗ്രഫി എടുത്തുനോക്കാറുണ്ട്. ഏതാണ് രണ്ടാമത്തെ ചിത്രം, ആ സിനിമയില്‍ എന്താണ് പേര്, ഈ പാട്ട് ആരാണ് പാടിയത്, ഇതൊന്നും എനിക്ക് ഓര്‍മയുണ്ടാവില്ല. എന്റെ സിനിമകള്‍ ഞാന്‍ തന്നെ ഗൂഗിള്‍ ചെയ്യും. അവള്‍ ചോദിക്കുന്നതൊന്നും എനിക്കറിയില്ല.

എല്ലാ ഭാഷയിലുമുള്ള എന്റെ സിനിമകളിലെ പാട്ടുകള്‍ അവള്‍ കേള്‍ക്കും. ഇപ്പോള്‍ സീതാ രാമത്തിലെ പാട്ടുകളാണ് കേള്‍ക്കാറുള്ളത്,’ ദുല്‍ഖര്‍ പറഞ്ഞു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. രാജ് ആന്‍ഡ് ഡി.കെ. സംവിധാനം ചെയ്യുന്ന വെബ്ബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്, അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്ത എന്നിവയാണ് ദുല്‍ഖരിന്റെ പുതിയ പ്രോജക്റ്റുകള്‍.

Content Highlight: Dulquer salmaan talks about Amal making fun of him in home