| Monday, 26th September 2022, 3:31 pm

കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാല്‍ പലരുടെയും ഫസ്റ്റ് ചോയ്സായിരിക്കും ചാര്‍ലി. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലെത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്. ചിത്രത്തിലെ പ്രകടനത്തിന് 2016ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദുല്‍ഖറിന് ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് കണ്ട തന്നെ വേദനിപ്പിച്ച ഒരു കമന്റിനെ പറ്റി പറയുകയാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍.

‘ആ സമയത്ത് കണ്ട ഒരു ട്രോള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ആ അവാര്‍ഡ് വില്‍ക്കുന്നോ, നിങ്ങള്‍ കൊടുത്തതിലും 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു ആ കമന്റ്. ആ സമയത്ത് അത് കണ്ട് ഞാന്‍ തകര്‍ന്നുപോയി. അങ്ങനെ എന്തെങ്കിലും ഞാന്‍ ചെയ്യുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കാശ് കൊടുത്ത് സംസ്ഥാന അവാര്‍ഡ് വാങ്ങാനായിരുന്നെങ്കില്‍ അതെനിക്ക് നേരത്തെ ആകാമായിരുന്നു.

പിന്നീട് മറ്റൊരാള്‍ ഈ അവാര്‍ഡ് വളരെ അത്ഭുതകരമാണെന്ന് പറഞ്ഞു. ‘നിനക്ക് നിന്നെ പറ്റി സംശയങ്ങളുണ്ടാവും. ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഈ അവാര്‍ഡിന് അര്‍ഹനാണെന്ന് നിനക്ക് ചിന്തിക്കാം. പക്ഷേ കിട്ടിയ അവാര്‍ഡ്, പ്രത്യേകിച്ച് ഇതുപോലെ വലിയ ഒന്ന്, അത് ആ സിനിമയിലെ പ്രകടനത്തിനായിരിക്കില്ല. ഇതുവരെ ചെയ്തതിനും ഇനി ചെയ്യാന്‍ പോകുന്നതിനുമായിരിക്കും. അതുകൊണ്ട് അവാര്‍ഡില്‍ സന്തോഷം കണ്ടെത്താതിരിക്കരുത്,’ ആ ചിന്ത എനിക്ക് ഇഷ്ടപ്പെട്ടു. അതെനിക്ക് കുറച്ച് സമാധാനം തന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് ആണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയാണ് ഷൂട്ടിങ് ആരംഭിക്കുന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ട് സെപ്റ്റംബര്‍ 26ന് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight: Dulquer salmaan talks about a comment that hurt him when he received the state award

We use cookies to give you the best possible experience. Learn more