പൃഥ്വിരാജും ടൊവിനോയും ഫഹദും ഒന്നിച്ച് നോക്കിയാലും തൊടാനാകില്ല; വമ്പന്‍ റെക്കൊഡിട്ട് ദുല്‍ഖര്‍
Entertainment
പൃഥ്വിരാജും ടൊവിനോയും ഫഹദും ഒന്നിച്ച് നോക്കിയാലും തൊടാനാകില്ല; വമ്പന്‍ റെക്കൊഡിട്ട് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 12:24 am

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രം നേടിയ റെക്കൊഡുകളും നേട്ടങ്ങളുമെല്ലാം ആഘോഷിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായ കുറുപ്പിന്റെ പേരിലുള്ള മറ്റൊരു ബോക്‌സ് ഓഫീസ് നേട്ടമാണ് ഈ ദിവസം ചര്‍ച്ചയാകുന്നത്.

യുവതാരങ്ങളുടെ സോളോ സിനിമകളില്‍ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് ദുല്‍ഖര്‍ നേട്ടം കുറിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡ് കളക്ഷന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് 19 കോടിയാണ് ആദ്യ ദിവസം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ടൊവിനോയുടെ തല്ലുമാലയുടെ കളക്ഷന്‍ 7.2 ആണ്. മൂന്നാം സ്ഥാനത്തുള്ളത് പൃഥ്വിരാജിന്റെ കടുവയാണ്. 5.5 കോടിയാണ് ചിത്രം നേടിയിട്ടുള്ളത്.

നാലാം സ്ഥാനത്ത് പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമുണ്ട്. 5.4 കോടിയാണ് ചിത്രം നേടിയിട്ടുള്ളത്. 3.5 കോടിയുമായി അഞ്ചാം സ്ഥാനത്തുള്ളത് ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സാണ്.

കളക്ഷന്‍ റെക്കൊഡുകള്‍ ട്രാക്ക് ചെയ്യുന്ന ഫോറം കേരള ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ പുറത്തുവിട്ടതോടെയാണ് ഇങ്ങനെയൊരു റെക്കൊഡ് വീണ്ടും ചര്‍ച്ചയായത്.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയ കുറുപ്പ് നേടിയ വിജയത്തിന് ഈ കോടികളേക്കാള്‍ തിളക്കമുണ്ടെന്നാണ് പലരും പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പറയുന്നത്.

കൊവിഡ് കാലത്ത് പല സിനിമകളും തിയേറ്ററുകളിലേക്ക് വരാന്‍ മടിച്ചിരുന്ന സമയത്ത്, ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ തന്നെ ഇറക്കി വിജയം കൊയ്ത മലയാള ചിത്രമാണ് കുറുപ്പ്. വീട്ടകങ്ങളിലെ ഒ.ടി.ടിയിലേക്ക് നടന്നടുക്കാന്‍ തുടങ്ങിയിരുന്ന പ്രേക്ഷകരെ വലിയ സ്‌ക്രീനിനും തിയേറ്റര്‍ ആരവങ്ങള്‍ക്കും ഇടയിലേക്ക് തിരിച്ചെത്തിക്കാന്‍ ചിത്രത്തിനായിരുന്നു.

മലയാള സിനിമയില്‍ പ്രൊമോഷനുകള്‍ക്കും അതുവഴി കൂടുതല്‍ ജനങ്ങളെ തിയേറ്ററിലേക്ക് എത്തിക്കുന്നതിനും തുടക്കം കുറിച്ചതും കുറുപ്പ് തന്നെ. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മിച്ച സിനിമക്കായി വമ്പിച്ച പ്രൊമോഷനായിരുന്നു നടത്തിയത്.

കേരളത്തിലും പല നഗരങ്ങളിലും കുറുപ്പിനായി ദുല്‍ഖര്‍ ഓടി നടന്നു പ്രൊമോഷന്‍ നടത്തി. ആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.

 

ഹൈക്കോടതി നോട്ടീസ് ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ കുറുപ്പ് തിയേറ്ററുകളിലേക്ക് എത്തി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്‍തുക വാഗ്ദാനം ചെയ്തിട്ടും തിയേറ്റര്‍ റിലീസിലേക്ക് തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി. അമ്പത് ശതമാനം സീറ്റിങ് മാത്രം അനുവദിച്ചിട്ടും കുറുപ്പ് തിയേറ്ററുകളില്‍ ആവേശം തീര്‍ത്തു. ചിത്രത്തിന്റെ വിജയം മറ്റ് സിനിമകള്‍ക്ക് പ്രചോദനമായി.

കുറുപ്പ് എന്ന സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആളുകള്‍ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നുവെന്നുമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരിക്കല്‍ പറഞ്ഞത്. 27 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 117 കോടിയാണ് കളക്ട് ചെയ്തത്. പോസ്റ്റ് കൊവിഡ് മലയാള സിനിമാ ചരിത്രത്തിലും ദുല്‍ഖറിന്റെ കരിയറിലും നിര്‍ണായക വഴിത്തിരിവാണ് കുറുപ്പ്.

Content Highlight: Dulquer Salmaan surpasses Prithviraj, Fahadh Faasil and Tovino Thomas with Kurup in first day collection