| Sunday, 25th September 2022, 11:30 pm

2000 രൂപയാണ് അന്ന് പ്രതിഫലം കിട്ടിയത്, നെപ്പോട്ടിസത്തിന്റെ അഡ്വാന്റേജ് കൊണ്ട് കിട്ടിയ റോളല്ല അത്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെപ്പോട്ടിസത്തിന്റെ അഡ്വാന്റേജ് ഇല്ലാതെ തനിക്ക് ആദ്യമായി കിട്ടിയ റോളിനെ പറ്റി തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. 10 വയസുള്ളപ്പോള്‍ ഒരു പരസ്യത്തില്‍ അഭിനയിച്ചതിനെ പറ്റി കേളി ടെയ്ല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘എനിക്കപ്പോള്‍ പത്ത് വയസേ പ്രായമുള്ളൂ. ഇതില്‍ വാപ്പച്ചിക്ക് ഒരു പങ്കുമില്ല. നെപ്പോട്ടിസത്തിന്റെ അഡ്വാന്റേജ് കൊണ്ട് കിട്ടിയ് റോളുമല്ല. രാജീവ് മേനോന്റെ ആഡ് ഏജന്‍സി ഒരു കൂട്ടത്തില്‍ നിന്നും എന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

ഒരു പരസ്യത്തില്‍ അഭിനയിക്കാനുള്ള കുട്ടികളെ തെരഞ്ഞെടുക്കാനായാണ് അന്ന് അവര്‍ എന്റെ സ്‌കൂളിലെത്തിയത്. അവര്‍ എന്നെ സെലക്റ്റ് ചെയ്തു. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലമായി 2000 രൂപ കിട്ടി.

എനിക്കന്ന് ആ പണം വളരെ വലുതായിരുന്നു, ഇന്നത്തെ രണ്ട് കോടിയൊക്കെ പോലെ. അതില്‍ 500 രൂപ എന്റെ ഗ്രാന്റ് പേരന്റ്‌സിന് കൊടുത്തു, ബാക്കി ഉമ്മച്ചിക്കും. അതിന് ശേഷം എന്തെങ്കിലും കാണുമ്പോള്‍ ഉമ്മച്ചീ എന്റെ 2000 രൂപ കയ്യിലില്ലേ ഇത് വാങ്ങാമോ എന്ന് ചോദിക്കും. നിന്റെ 2000 രൂപ എന്നേ തീര്‍ന്ന് പോയി എന്ന് ഉമ്മച്ചി പറയും,’ ദുല്‍ഖര്‍ പറഞ്ഞു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖറിന്റെ ചിത്രം. സൈക്കോ ത്രില്ലര്‍ ഴോണറിലാണ് ചുപ് ഒരുങ്ങിയത്. റിലീസ് ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ഭേദപ്പെട്ട പ്രകടനമാണ് ചിത്രം നടത്തിയിരിക്കുന്നത്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും ചുപ് നേടിയത് 2.5 കോടിക്കും 3 കോടിക്കും ഇടയിലാണ്. ബ്രഹ്മാസ്ത്രക്ക് ശേഷം മികച്ച ആദ്യ ദിന കളക്ഷനും പ്രേക്ഷക പ്രശംസയും നേടുന്ന ചിത്രമാണ് ചുപ്.

Content Highlight: Dulquer salmaan spoke about acting in an advertisement when he was 10 years old

We use cookies to give you the best possible experience. Learn more