വാപ്പച്ചി റൂമിലായിരുന്നു, ഞാന്‍ നോക്കുമ്പോള്‍ ഉമ്മച്ചിയും അമാലും ഒരു നാണവുമില്ലാതെ അവരെ വായ്‌നോക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍
Film News
വാപ്പച്ചി റൂമിലായിരുന്നു, ഞാന്‍ നോക്കുമ്പോള്‍ ഉമ്മച്ചിയും അമാലും ഒരു നാണവുമില്ലാതെ അവരെ വായ്‌നോക്കുകയാണ്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th December 2022, 2:01 pm

കുടുംബത്തോടൊപ്പം ഫാമിലി ടൂര്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌പെയ്‌നിലെ വഴിയിലൂടെ നടന്നപ്പോള്‍ ഉണ്ടായ രസകരമായ സംഭവമാണ് ദുല്‍ഖര്‍ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. ദുല്‍ഖറിനൊപ്പം അഭിമുഖത്തില്‍ അതിഥി റാവുവുമുണ്ടായിരുന്നു. ഹേ സിനാമിക എന്ന സിനിമയുടെ സമയത്ത് നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘ഞങ്ങള്‍ അന്ന് ഒരു ഫാമിലി ടൂറിലായിരുന്നു. സ്‌പെയ്‌നിലായിരുന്നു എന്ന് തോന്നുന്നു. ഞങ്ങള്‍ അവിടുത്തെ ഒരു വഴിയിലൂടെ വെറുതെ നടക്കുകയാണ്. കൂടെ എന്റെ അമ്മയും പെങ്ങളും ഭാര്യയും ഉണ്ട്. വാപ്പച്ചി വന്നിരുന്നില്ല, റൂമിലായിരുന്നു.

അവിടെയുള്ള പൊലീസുകാരെ കണ്ടാല്‍ ആക്ടേഴ്‌സിനെപ്പോലെയും സൂപ്പര്‍ മോഡല്‍സിനെ പോലെയുമാണ് ഇരിക്കുന്നത്. ഉമ്മച്ചിയുള്‍പ്പെടെ ഒരു നാണവുമില്ലാതെ അവരെ വായ്‌നോക്കുകയും കമന്റ് പറയുകയും ചെയ്യുകയാണ്. ഞാനല്ലേ ആണ്‍കുട്ടി, ഞാനല്ലേ വെല്ല പെണ്ണുങ്ങളേയും നോക്കേണ്ടത്. പക്ഷേ അതിലൊരു പ്രശ്‌നവുമില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

സൗന്ദര്യം എവിടെ കണ്ടാലും ആസ്വദിക്കണമെന്നാണ് അതിഥി റാവു പറഞ്ഞത്. ദുല്‍ഖര്‍ എപ്പോഴും ചാറ്റിങ്ങിലാണെന്നും സുന്ദരിയായ ഭാര്യയുമായിട്ടായിരിക്കും ചാറ്റിങ്ങെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.

ചുപ്; റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖറിന്റെ ചിത്രം. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ചിത്രം ഒരു സൈക്കോ ത്രില്ലറായിരുന്നു. പൂജ ഭട്ട്, ശ്രേയ ധന്വന്തരി, സണ്ണി ഡിയോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ചിത്രം. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദുല്‍ഖറിന്റെ മാസ് ആക്ഷന്‍ ചിത്രമായിരിക്കും കിങ് ഓഫ് കൊത്ത എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, ഷബീര്‍ കല്ലറക്കല്‍, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Dulquer Salmaan shares his experience of going on a family tour with his family