ലോക്ഡൗണ്‍ കാലത്ത് പല സിനിമകളും തിയേറ്ററുകളിലേക്ക് വരാന്‍ മടിച്ചിരുന്ന സമയത്ത്, ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ തന്നെ ഇറക്കി വിജയം കൊയ്ത മലയാള ചിത്രമാണ് കുറുപ്പ്.
വീട്ടകങ്ങളിലെ ഒ.ടി.ടിയിലേക്ക് നടന്നടുക്കാന്‍ തുടങ്ങിയിരുന്ന പ്രേക്ഷകരെ വലിയ സ്‌ക്രീനിനും തിയേറ്റര്‍ ആരവങ്ങള്‍ക്കും ഇടയിലേക്ക് തിരിച്ചെത്തിക്കാന്‍ തുടങ്ങിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്.
നായകനും നിര്‍മാതാവുമായി അരങ്ങുവാഴുന്ന ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാഴികക്കല്ലാണ് ഈ ചിത്രം. കുറുപ്പ് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ നടന്‍ പങ്കുവെച്ച കുറിപ്പും സിനിമക്ക് തന്റെ ജീവിതത്തിലുള്ള സ്ഥാനം വ്യക്തമാക്കുന്നുണ്ട്.
‘കുറുപ്പിന്റെ ഒരു വര്‍ഷം ആഘോഷിക്കുകയാണ്. വേഫെറര്‍ ഫിലിംസിന്റെ യാത്രയിലെ നാഴികക്കല്ലാണ് കുറുപ്പ്. ഞങ്ങളുടെ കൂട്ടായ സ്വപ്‌നങ്ങള്‍ക്ക് ധൈര്യവും ഉറപ്പും നല്‍കിയ സിനിമ.
ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ സാധിക്കുമെന്നും എന്ത് സംഭവിച്ചാലും നേരിടുമെന്നും ഇന്ന് വേഫെറര്‍ ഫിലിംസും ഞാനും വിശ്വസിക്കുന്നതിന് ഒരു കാരണം ഈ സിനിമയാണ്. നിങ്ങള്‍ക്ക് മറക്കാനാകാത്ത ഗംഭീര സിനിമകള്‍ സമ്മാനിക്കാനായി ഞങ്ങള്‍ സാധിക്കുന്നതെല്ലാം ചെയ്യും.
പ്രതിഭാധനരായ അഭിനേതാക്കളോടും കഠിനാധ്വാനികളായ അണിയറ പ്രവര്‍ത്തകരോടും തുടങ്ങി കുറുപ്പിന്റെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുകാണ്. എല്ലാറ്റിലുമുപരി ലോകമെമ്പാടുമുള്ള കുറുപ്പിന്റെ കാണികളോട് നന്ദി പറയാനാഗ്രഹിക്കുകയാണ്. ഈ സിനിമയെ സ്‌നേഹിച്ചതിന് ഒരുപാട് നന്ദി.
എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിനും അനീഷ് മോഹനും പ്രത്യേകം നന്ദി. ഏറ്റവും കഷ്ടത നിറഞ്ഞ ദിവസത്തില്‍ കരിങ്കല്ല് പോലെ ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നതിന് ഒരുപാട് നന്ദി,’ ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പില്‍ പറയുന്നു.
മലയാള സിനിമയില്‍ പ്രൊമോഷനുകള്‍ക്കും അതുവഴി കൂടുതല്‍ ജനങ്ങളെ തിയേറ്ററിലേക്ക് എത്തിക്കുന്നതിനും തുടക്കം കുറിച്ച ചിത്രം കൂടിയായിരുന്നു കുറുപ്പ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെ നിര്‍മിച്ച ചിത്രത്തിനായി വമ്പിച്ച പ്രൊമോഷനായിരുന്നു നടത്തിയത്.
കേരളത്തിലും പല നഗരങ്ങളിലും കുറുപ്പിനായി ദുല്‍ഖര്‍ ഓടി നടന്നു പ്രൊമോഷന്‍ നടത്തി. ആദ്യമായി മലയാള സിനിമയുടെ ട്രെയ്‌ലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.
ഹൈക്കോടതി നോട്ടീസ് ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ നേരിട്ടെങ്കിലും ഒടുവില്‍ കുറുപ്പ് തിയേറ്ററുകളിലേക്ക് എത്തി. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വന്‍തുക വാഗ്ദാനം ചെയ്തിട്ടും തിയേറ്റര്‍ റിലീസിലേക്ക് തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തി. അമ്പത് ശതമാനം സീറ്റിങ് മാത്രം അനുവദിച്ചിട്ടും കുറുപ്പ് തിയേറ്ററുകളില്‍ ആവേശം തീര്‍ത്തു. ചിത്രത്തിന്റെ വിജയം മറ്റ് സിനിമകള്‍ക്ക് പ്രചോദനമായി.
കുറുപ്പ് എന്ന സിനിമയോട് ഞങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആളുകള്‍ ഇപ്പോഴും തിയേറ്ററുകളിലേക്ക് വരുമെന്ന് ആ സിനിമ കാണിച്ചുതന്നുവെന്നുമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരിക്കല്‍ പറഞ്ഞത്. 27 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 117 കോടിയാണ് കളക്ട് ചെയ്തത്. പോസ്റ്റ് കൊവിഡ് മലയാള സിനിമാ ചരിത്രത്തിലും ദുല്‍ഖറിന്റെ കരിയറിലും നിര്‍ണായക വഴിത്തിരിവാണ് കുറുപ്പ്.
Content Highlight: Dulquer Salmaan shares an emotional note on one year anniversary of Kurup