ഞങ്ങള്‍ പിറകെ വന്നോളാം വാപ്പച്ചി വേണേല്‍ ആദ്യം പോയ്‌ക്കോ; വാപ്പച്ചി ഒരുങ്ങി വന്നാല്‍ ഇതാണ് ഞങ്ങളുടെ അവസ്ഥ
Movie Day
ഞങ്ങള്‍ പിറകെ വന്നോളാം വാപ്പച്ചി വേണേല്‍ ആദ്യം പോയ്‌ക്കോ; വാപ്പച്ചി ഒരുങ്ങി വന്നാല്‍ ഇതാണ് ഞങ്ങളുടെ അവസ്ഥ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd August 2023, 10:28 am

മമ്മൂട്ടിയുടെ ഡ്രസ് സെന്‍സിനെ കുറിച്ചും സോഷ്യല്‍മീഡിയയില്‍ അദ്ദേഹം ഉണ്ടാക്കുന്ന ഓളത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

പലപ്പോഴും നിങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ചില ഔട്ട്ഫിറ്റൊക്കെ കണ്ട് താനും ഞെട്ടാറുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വെറും അഞ്ച് മിനുട്ട് മാത്രമെടുത്താണ് വാപ്പച്ചി ഒരുങ്ങാറുള്ളതെന്നും മണിക്കൂറുകളെടുത്ത് തങ്ങളൊന്നും ഒരുങ്ങി നിന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. കിങ് കൊത്തയുടെ ഭാഗമായി വിവിധ ഓണ്‍ലൈന്‍ മീഡിയയകള്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

സോഷ്യല്‍മീഡിയയില്‍ ഇന്നും സ്വാഗ് കാണിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ ഔട്ട് ഫിറ്റൊക്കെ ഒരേ പൊളിയാണ്. ഇതൊക്കെ കണ്ട് ദുല്‍ഖര്‍ ഞെട്ടാറുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഇത് ചെറുപ്പം മുതലേ കണ്ടാണ് വളര്‍ന്നതെന്നും അതുകൊണ്ട് ഞെട്ടലൊന്നും ഇല്ലെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

‘എന്റെ സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സ് അദ്ദേഹമാണ്. എന്റെ ഓര്‍മവെച്ച കാലം തൊട്ട് വാപ്പച്ചിയെപ്പോലെ ഒരുങ്ങണമെന്നായിരുന്നു എനിക്ക്. ചെറുപ്പത്തിലും എനിക്ക് കുട്ടികളെപ്പോലെ ഒരുങ്ങണം എന്നില്ലായിരുന്നു. എനിക്ക് വാപ്പച്ചിയെ പോലെ ഒരുങ്ങണം എന്നായിരുന്നു ആഗ്രഹം. ഫുള്‍ ഗ്രോണ്‍ മാനായി ഡ്ര്സ് ചെയ്യണമെന്നാണ് അന്നും ആഗ്രഹിച്ചത്. ആ ഇന്‍ഫ്‌ളുവന്‍സ് ഇന്നും ഉണ്ട്. വാപ്പച്ചിയുടെ ഓരോ ചിത്രവും വൈറല്‍ ആകുമ്പോള്‍ നിങ്ങളുടെ റിയാക്ഷന്‍ എന്താണോ അത് തന്നെയാണ് എന്റേതും.

ഞങ്ങള്‍ വീട്ടില്‍ എല്ലാവരും എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ മണിക്കൂറുകളെടുത്ത് ഒരുങ്ങും. വാപ്പച്ചി ഒരു ചായയൊക്കെ കുടിച്ച് അത് മൊത്തം കണ്ടുകൊണ്ട് ഇരിക്കും. അല്ലെങ്കില്‍ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും.

എല്ലാവരും റെഡിയായി കഴിഞ്ഞാല്‍, ആ റെഡിയായോ എനിക്കൊരു അഞ്ച് മിനുട്ട് എന്ന് പറയും. എന്നിട്ട് റൂമില്‍ പോയി പുറത്തുവരുന്നത് ‘അല്ല പിന്നെ’ എന്ന മൂഡിലാണ്. അപ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാം ഇതെന്താവുമെന്ന്. വാപ്പച്ചി വേണമെങ്കില്‍ ആദ്യം പോയ്‌ക്കോ ഞങ്ങള്‍ പിറകെ വന്നോളാം എന്ന് പറയും(ചിരി), ഇതായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പോലും മമ്മൂക്ക പങ്കുവെച്ച അദ്ദേഹത്തിന്റെ ഒരു ഫോട്ടോയായിരുന്നല്ലോ വൈറലായത് എന്ന ചോദ്യത്തിനും ദുല്‍ഖര്‍ മറുപടി പറയുന്നുണ്ട്.

കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24-നാണ് തിയേറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.

Content Highligjht: Dulquer Salmaan share a funny experiance with mammootty