| Monday, 8th August 2022, 7:43 am

എന്‍.ആര്‍.ഐ, അര്‍ബന്‍ റോളുകള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന വിശേഷണമുണ്ടായിരുന്നു, ടൈറ്റിലുകള്‍ വന്നാല്‍ അത് ബ്രേക്ക് ചെയ്യണം: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പേരില്‍ എന്തെങ്കിലും ടൈറ്റിലുകള്‍ വന്നാല്‍ അത് ബ്രേക്ക് ചെയ്യാനാണ് താല്‍പര്യമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അത്തരത്തില്‍ റൊമാന്റിക് ഹീറോ ടൈറ്റിലുകള്‍ വന്നതിനാലാണ് റൊമാന്റിക് ചിത്രങ്ങളില്‍ നിന്നും കുറച്ച് നാളത്തേക്ക് ബ്രേക്ക് എടുത്തതെന്നും മുമ്പ് എന്‍.ആര്‍.ഐ, അര്‍ബന്‍ റോളുകള്‍ ചെയ്യുന്ന നടന്‍ എന്ന വിശേഷണമായിരുന്നു ഉണ്ടായിരുന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘പൂര്‍ണമായും റൊമാന്റിക് ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടില്ല. കുറച്ചുകാലത്തേക്ക് ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യേണ്ടയെന്നാണ് തീരുമാനം. ഞാന്‍ ഏതൊക്കെ വേഷം ചെയ്താലും ആളുകള്‍ എന്നെ റൊമാന്റിക് ഹീറോ എന്നുമാത്രമാണ് വിളിക്കുക. കുറച്ചുമുമ്പാണ് കുറുപ്പും സല്യൂട്ടും ഇറങ്ങിയത്. അതില്‍ അങ്ങനെയുള്ള കാരക്ടറുകളായിരുന്നില്ല. എന്നാലും ആളുകള്‍ക്ക് റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. റൊമാന്റിക് സിനിമകള്‍ പ്ലാന്‍ചെയ്ത് ചെയ്യുന്നതല്ല. അത് സംഭവിച്ചുപോകുന്നതാണ്.

മറ്റൊരുകാര്യം ഒരുപ്രായത്തില്‍ മാത്രമാണ് റൊമാന്റിക് സിനിമകള്‍ ചെയ്യാനാവുക എന്നതാണ്. മുമ്പ് എന്‍.ആര്‍.ഐ, അല്ലെങ്കില്‍ അര്‍ബന്‍ റോളുകള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന വിശേഷിപ്പിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും ടൈറ്റിലുകള്‍ വന്നാല്‍ അത് ബ്രേക്ക് ചെയ്യണമെന്ന് തോന്നുന്നു. അതൊക്കെയാണ് ഇങ്ങനെയുള്ള തീരുമാനത്തിലെത്തിച്ചത്,’ ദുല്‍ഖര്‍ പറഞ്ഞു.

‘ഞാന്‍ ഏറ്റവുംകൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് മലയാളത്തില്‍ അഭിനയിക്കുമ്പോഴാണ്. കഥകള്‍ കേള്‍ക്കുമ്പോള്‍ ഏതെങ്കിലുമൊരു പ്രത്യേക ഭാഷയില്‍നിന്നുമാത്രം കേള്‍ക്കാറില്ല. എല്ലാഭാഷയിലെ കഥകളും കേള്‍ക്കും. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവ ചെയ്യും. ഒരുപാട് ചിത്രങ്ങള്‍ നേരത്തേ അനൗണ്‍സ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. അങ്ങനെചെയ്താല്‍ ആളുകള്‍ പ്രതീക്ഷിക്കും. അത് പെട്ടെന്ന് വന്നില്ലെങ്കില്‍ അവര്‍ക്ക് നിരാശയുണ്ടാകും.

പല ഭാഷകളിലുള്ള ചിത്രങ്ങളെല്ലാം ഓര്‍ഗാനിക്കായി സംഭവിച്ചതാണ്. കഥയിഷ്ടപ്പെട്ടാല്‍ ഏത് ഭാഷയാണെന്ന് നോക്കാറില്ല. പഠിച്ചത് പുറത്തായതുകൊണ്ട് എനിക്ക് മറ്റു ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുണ്ട്. സീതാ രാമത്തിന്‍റെ തമിഴിലും തെലുങ്കിലുമൊക്കെ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. തമിഴ് കുറച്ചുകൂടി എളുപ്പമാണ്. തെലുങ്ക് കുറച്ച് പ്രയാസമനുഭവപ്പെട്ടു,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാ രാമം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തില്‍ മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് നായികമാര്‍.

Content Highlight: Dulquer Salmaan says When a titles come on him like romantic hero, it should be broken

We use cookies to give you the best possible experience. Learn more