കൊത്ത റീഷൂട്ട് ചെയ്തിട്ടുണ്ട്, സിനിമക്ക് വലിയ ക്ലൈമാക്‌സ് ആവശ്യമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
Film News
കൊത്ത റീഷൂട്ട് ചെയ്തിട്ടുണ്ട്, സിനിമക്ക് വലിയ ക്ലൈമാക്‌സ് ആവശ്യമായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th July 2023, 6:41 pm

കിങ് ഓഫ് കൊത്ത ക്ലൈമാക്‌സ് റീഷൂട്ട് ചെയ്തിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ടല്ലെന്നും സിനിമക്ക് കുറച്ചുകൂടി വലിയ ക്ലൈമാക്‌സ് വേണമെന്ന് തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെയ്യുന്ന സിനിമക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനും സിനിമ ആവശ്യപ്പെടുന്നതെല്ലാം നല്‍കാനും വേണ്ടിയാണ് പ്രൊഡക്ഷന്‍ ആരംഭിച്ചത്. പ്രൊഡക്ഷന്‍ കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ സിനിമക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ആക്ടര്‍ പ്രൊഡ്യൂസര്‍ എന്ന നിലക്ക് ഇപ്പോള്‍ സിനിമക്ക് വേണ്ടതെല്ലാം എനിക്ക് നല്‍കാനാവും. ഞങ്ങള്‍ ക്ലൈമാക്‌സ് റീഷൂട്ട് ചെയ്തിട്ടുണ്ട്. അതില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ടല്ല, ഒരു ഒഴുക്കിന് കണ്ടുപോവുമ്പോള്‍ കുറച്ചുകൂടി വലിയ ക്ലൈമാക്‌സ് വേണമെന്ന് തോന്നും,’ ദുല്‍ഖര്‍ പറഞ്ഞു.

താന്‍ പൂര്‍ണമായും ഡയറക്ടര്‍ പറയുന്നതുപോലെ അഭിനയിക്കുന്ന നടനാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘ഞാന്‍ പൂര്‍ണമായും ഡയറക്ടര്‍മാരുടെ നടനാണ്. അവര്‍ പറയുന്നതാണ് അഭിനയിക്കുന്നത്. സിനിമയുടെ ടീമുമായി സറണ്ടര്‍ ചെയ്ത് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.

സീനിയര്‍ ആയിട്ടുള്ള സംവിധായകരുടെയും സ്ത്രീ സംവിധായകരുടെയും, പുതുമുഖങ്ങളുടെയും കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ അന്യ ഭാഷകളില്‍, വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാനും സാധിച്ചു. ഈ സിനിമകളുടെയൊക്കെ എഴുത്തിന്റെ ശൈലിയും ആശയങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. ചില പ്രൊജക്റ്റുകള്‍ മറ്റ് വര്‍ക്കുകളേക്കാള്‍ വളരെ ഭാവനാത്മകമായിരിക്കും.

അതുകൊണ്ട് എന്റെ ജീവിതത്തിലെ ഓരോ ദിവസവും വളരെ വ്യത്യസ്തമാണ്, ഓരോ സെറ്റില്‍നിന്നും വ്യത്യസ്തമായ അനുഭവങ്ങളുമാണ് ഉണ്ടാകുന്നത്. എപ്പോഴും ഞാന്‍ ഒരു വണ്ടര്‍ലാന്‍ഡില്‍ ആയിരിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight:Dulquer Salmaan says that the climax of King of Kotha has been reshot