ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങിയത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്ലറിനും മറ്റും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഭാസ്‌കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ദുല്‍ഖറാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഗ്‌ബോസ് തെലുങ്കില്‍ ദുല്‍ഖര്‍ അതിഥിയായി എത്തിയിരുന്നു. തെലുങ്ക് നടന്‍ നാഗാര്‍ജുനയും ദുല്‍ഖറും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തെലുങ്കില്‍ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ് നാഗാര്‍ജുനയെന്ന് ദുല്‍ഖര്‍ പറഞ്ഞു. തെലുങ്കില്‍ താന്‍ പണ്ടുമുതല്‍ക്കേ കാണുന്ന സ്റ്റൈലിഷ് ഐക്കണാണ് നാഗാര്‍ജുനയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവല്ലാതെ മറ്റൊരു നടനെപ്പറ്റി അങ്ങനെ തോന്നിയത് നാഗാര്‍ജുനയെ കണ്ടപ്പോഴാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
എന്നാല്‍ തന്നെക്കാള്‍ വലിയ സ്റ്റൈല്‍ ഐക്കണാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ ശബ്ദം അതുപോലെ ദുല്‍ഖറിന് കിട്ടിയിട്ടുണ്ടെന്നും നാഗാര്‍ജുന മറുപടി നല്‍കി. മമ്മൂട്ടിയുടെ ശബ്ദമാണ് തനിക്കെന്ന് പലരും പറയാറുണ്ടെന്നും ആദ്യമായി അങ്ങനെയൊരു കമന്റ് കിട്ടിയത് താന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ ഭാഗമാണ് എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
‘താങ്കള്‍ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയില്‍ അതിഥിയാകാന്‍ സാധിച്ചതില്‍ സന്തോഷം. തെലുങ്ക് സിനിമകള്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ എനിക്ക് ആരാധന തോന്നിയ നടനാണ് നാഗാര്‍ജുന. സത്യം പറഞ്ഞാല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ കണ്ടിട്ടുള്ള സ്റ്റൈല്‍ ഐക്കണുകളില്‍ ഒരാളാണ് നിങ്ങള്‍. വാപ്പച്ചിയും ഉണ്ട്, പക്ഷേ അദ്ദേഹമല്ലാതെ മറ്റൊരു നടനെപ്പറ്റി അങ്ങനെ തോന്നിയത് താങ്കളെ കണ്ടപ്പോഴാണ്.
വാപ്പച്ചിയുടെ ശബ്ദമാണ് എനിക്കെന്ന് പലരും പറയാറുണ്ട്. ഇപ്പോള്‍ താങ്കളും അത് പറഞ്ഞതില്‍ സന്തോഷമുണ്ട്. ആദ്യമായി ഈ കമന്റ് ഞാന്‍ കേള്‍ക്കുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. വാപ്പച്ചിക്ക് വന്ന ഒരു കോള്‍ എടുത്തത് ഞാനായിരുന്നു. ഹലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വാപ്പച്ചിയാണെന്ന് കരുതി അപ്പുറത്ത് നില്‍ക്കുന്നയാള്‍ എന്നോട് കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ അപ്പോള്‍ ഒന്നും പറയാന്‍ പോയില്ല,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan says that Nagarjuna is one of his style icon