| Friday, 26th August 2022, 8:07 am

എപ്പോഴും 100 കോടിക്ക് പിറകെ പോകേണ്ട ആവശ്യമില്ല, അത് കലയെ ബാധിക്കും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50 കോടി, 100 കോടി ക്ലബ്ബുകള്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയിലെ ഒരു പ്രധാനചര്‍ച്ചയാണ്. ഇത്തരം ചര്‍ച്ചകളോട് തനിക്ക് വലിയ താല്‍പര്യമില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കളക്ഷന്‍ നമ്പറുകളുടെ പിറകെ പോകുന്നത് കലയെ ബോധിക്കുമെന്നും ചിലപ്പോള്‍ മോശം സിനിമകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കുമെന്നും ഫിലിം ഷില്‍മിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘ഇതെന്റെ ഒരു വ്യക്തിപരമായ ചിന്തയാണ്. കളക്ഷനിലെ നമ്പറുകളുടെ പുറകെ പോകുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. 100 കോടി നേടിയാലേ ഒരു സിനിമ സര്‍ട്ടിഫൈഡ് ഹിറ്റോ സൂപ്പര്‍ ഹിറ്റോ ആകുന്നുള്ളു എന്നത് ഇവിടുത്തെ ഒരു വിശ്വാസമാണ്. നമ്പറുകളിലേക്ക് എത്തിപ്പെടാനായി നോക്കുന്നത് കലയെ ബാധിക്കും.

കളക്ഷന്‍ നമ്പറുകളെ പിന്തുടരുന്ന ഒരാളല്ല ഞാന്‍. എന്റെ സിനിമകള്‍ ലാഭം ഉണ്ടാക്കാറുണ്ടെന്ന് ഉറപ്പ് വരുത്താറുണ്ട്. എത്ര രൂപ ചെലവഴിച്ചാണ് സിനിമ നിര്‍മിക്കുന്നത് എന്ന് എനിക്ക് അറിയാം. ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന്റെ റിസ്‌ക് എനിക്ക് അറിയാം. ബിഗ് ബ്ലോക്ബസ്റ്ററുകള്‍ക്ക് പിന്നാലെ പോകാറില്ല.

പലപ്പോഴും ആളുകള്‍ കളക്ഷനുകളുടെ പേരില്‍ സംവിധായകനോടും ആക്‌റ്റേഴ്‌സിനോടും സഹതാപം കാണിക്കാറുണ്ട്. ഇത്ര കളക്ഷന്‍ മാത്രമേ കിട്ടിയുള്ളോ, 100 കോടി നേടിയില്ലേ, ഈ നടന് 100 കോടിയില്ലല്ലോ, അതിലൊന്നും ഒരു കാര്യവുമില്ല.

കളക്ഷന്റെ പുറകെ പോവുമ്പോള്‍ മോശം സിനിമ ഉണ്ടായേക്കാം. ചിലപ്പോള്‍ സിനിമ സാമ്പത്തികമായി വിജയമാവാം, എന്നാല്‍ നല്ല കഥ കാണില്ല. കളക്ഷനെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ കളക്ഷന്‍ എന്താകും എന്ന് നോക്കാതെ വര്‍ക്ക് ചെയ്യുമ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്നാണ് എനിക്ക് തോന്നുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ഹനു രാഘവപുടിയുടെ സംവിധാനത്തിലെത്തിയ സീതാ രാമമാണ് ഒടുവില്‍ റിലീസ് ചെയ്ത ദുല്‍ഖറിന്റെ ചിത്രം. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം നേടിയത്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം. സെപ്റ്റംബര്‍ 23നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Dulquer Salmaan says that he is not interested in discussions on collection of movies

We use cookies to give you the best possible experience. Learn more