| Thursday, 28th July 2022, 8:03 am

അങ്ങനെ ചെയ്യേണ്ടി വന്നാല്‍ പ്രസ് മീറ്റില്‍ നിന്നും മാറി നില്‍ക്കും, വെല്ല പനിയും വന്നെന്ന് പറയും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റൊമാന്റിക് ഹീറോ വേഷങ്ങള്‍ ഇനി ചെയ്യുന്നില്ലെന്ന ദുല്‍ഖര്‍ സല്‍മാന്റെ പ്രഖ്യാപനം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സീതാരാമത്തിന്റെ കഥ മനോഹരമായതിനാല്‍ നിരസിക്കാന്‍ തോന്നിയില്ലെന്നും എന്നാല്‍ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

എന്നാല്‍ പൂര്‍ണമായും റൊമാന്റിക് ഹീറോ വേഷങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്നും കുറച്ച് നാളത്തേക്ക് ചെയ്യുന്നില്ലെന്നാണ് തീരുമാനമെന്നും ദുല്‍ഖര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘റൊമാന്റിക് ഹീറോയാവുന്ന ചിത്രങ്ങള്‍ കുറച്ച് നാളത്തേന് വേണ്ടെന്നാണ് എന്റെ ഒരു ഫീലിങ്. പക്ഷേ ഇനി അതിനിടക്ക് എങ്ങാനും ചെയ്യേണ്ടി വന്നാല്‍ ആ പടത്തിന്റെ പ്രസ് മീറ്റില്‍ നിന്നും ഞാന്‍ മാറി നില്‍ക്കേണ്ടി വരും. എനിക്ക് വെല്ല പനി വന്നേന്നോ വെല്ലോം പറയേണ്ടി വരും,’ ദുല്‍ഖര്‍ പറഞ്ഞു.

‘സീതാരാമത്തിന്റെ കഥ കേള്‍ക്കുന്നത് 2019ലാണ്. നേരത്തെ ചെയ്ത സ്‌പേസ് ആണെങ്കില്‍ ആ കഥാപാത്രം വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടാക്കില്ല. ലൊക്കേഷനില്‍ വരുമ്പോള്‍ എനിക്ക് പരിചയമുള്ള കഥാപാത്രമാണെങ്കില്‍ എന്നെ തന്നെ ചലഞ്ച് ചെയ്യുന്നില്ല എന്നൊരു തോന്നല്‍ എനിക്കെന്നല്ല ഏത് ആര്‍ട്ടിസ്റ്റിനാണെങ്കിലും ഉണ്ടാവും. എപ്പോഴും സ്വയം ചലഞ്ച് ചെയ്താലേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ വളരുകയുള്ളൂ, നിങ്ങള്‍ക്കും കാണുമ്പോള്‍ ഒരു പുതുമയോ എന്റര്‍ടെയ്ന്‍മെന്റോ തോന്നുകയുള്ളൂ. അങ്ങനെയാണ് റൊമാന്റിക് ഹീറോയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയത്.

കുറുപ്പ് ചെയ്താലും സല്യൂട്ട് ചെയ്താലും തിരിച്ച് സീതാരാമത്തിലേക്ക് വരുമ്പോള്‍ റൊമാന്റിക് ഹീറോ ഇമേജ് മാത്രമേ ആളുകളുടെ മനസില്‍ നില്‍ക്കുകയുള്ളൂ. അത് കുറച്ച് നാളത്തേന് മാറ്റിവെച്ചാല്‍ എനിക്കും ഗ്രോത്ത് ഉണ്ടാവും. പിന്നെ ആളുകള്‍ ലവ് സ്‌റ്റോറീസും കൊണ്ട് എന്റെയടുത്തേക്ക് വരില്ല. ഇതൊരു സൈക്കിള്‍ പോലെയാണ്. ഒന്ന് ചെയ്താല്‍ വീണ്ടും ഇങ്ങനത്തെ കഥകള്‍ വരും. എനിക്ക് നോ പറയാന്‍ പറ്റാതാവും,’ ദുല്‍ഖര്‍ പറഞ്ഞു.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ദുല്‍ഖറിന്റെ നായിക ആയി മൃണാള്‍ താക്കൂറാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രശ്മിക മന്ദാനയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Dulquer salmaan says that he has not completely given up on romantic hero roles and has decided not to do them for some time

Latest Stories

We use cookies to give you the best possible experience. Learn more