| Tuesday, 22nd August 2023, 7:20 pm

ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക് നടന്‍ നാനി തന്നെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് വിശേഷിപ്പിച്ചതില്‍ നന്ദിയുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദ് നടന്ന പ്രീ റിലീസ് ഈവന്റില്‍ തനിക്ക് പറയാന്‍ കഴിയുന്ന ഒരേ ഒരു പാന്‍ ഇന്ത്യന്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് നാനി പറഞ്ഞിരുന്നു.

‘പാന്‍ ഇന്ത്യ പ്രയോഗം കുറെ ഓവര്‍ യൂസ്ഡ് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തുകൊണ്ട് നാനി അങ്ങനെ പറഞ്ഞു എന്നത് എനിക്ക് മനസിലാകും, എല്ലാ ഭാഷയിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, സ്വന്തം ശബ്ദത്തിലാണ് സംസാരിക്കുന്നതും ഡബ് ചെയ്യുന്നതും ഒക്കെ, അതിനൊപ്പം മിക്ക സിനിമയിലും നായക വേഷത്തില്‍ തന്നെ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്, പക്ഷെ എനിക്ക് മുമ്പും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ വര്‍ക്ക് ചെയ്തിട്ടുണ്ട്. വാപ്പിച്ചിയും, ലാലേട്ടനും ഒക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. ഞാന്‍ മാത്രമാണ് അങ്ങനെ എന്ന് ഇപ്പോഴും ഞാന്‍ വിചാരികുന്നില്ല,’ ദുല്‍ഖര്‍ പറയുന്നു.

തനിക്ക് മലയാളം കൂടി വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് വലിയ നേട്ടം ആണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ തനിക്ക് വേണ്ടി ഡബ് ചെയ്തത് നാനി ആണെന്നും അങ്ങനെ ഒരു ബന്ധവും തങ്ങള്‍ തമ്മിലുണ്ടെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

അതേസമയം ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്.സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer salmaan says that he didn’t feels like he is a superstar

We use cookies to give you the best possible experience. Learn more