നെഗറ്റീവായ ആളുകളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാറുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അങ്ങനെ ആദ്യം ഒഴിവാക്കിയത് ഒരു സുഹൃത്തിനെ തന്നെയായിരുന്നുവെന്നും ആ സംഭവം തന്റെ കണ്ണ് തുറപ്പിച്ചുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ബീര്‍ബൈസപ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നെഗറ്റീവായ ആളുകളെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ തന്നെ പഠിച്ചിരുന്നു. അത് ആദ്യം സംഭവിച്ചത് ഒരു സുഹൃത്തിനൊപ്പം തന്നെയാണ്. അത് എന്റെ കണ്ണ് തുറപ്പിച്ച സംഭവമായിരുന്നു. എനിക്ക് ഇനിയും ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭിക്കും, നിങ്ങള്‍ക്കും ലഭിക്കും, ചിലപ്പോള്‍ നമ്മള്‍ തമ്മില്‍ കണക്ഷന്‍ ഇല്ലാത്തതാവും എന്ന് ഞാന്‍ പറഞ്ഞു,’ ദുല്‍ഖര്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷായ വ്യക്തി എന്നാണ് താങ്കളെ വിശേഷിപ്പിക്കാറുള്ളത് എന്ന അവതാരകന്റെ പരാമര്‍ശത്തോട് ഒരു ചിരിയോടെയാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. ‘ഞാന്‍ എപ്പോഴും ഡീറ്റെയ്ല്‍സ് നോക്കാറുണ്ട്. എന്റെ അച്ഛന്‍ വളരെ സ്റ്റൈലൈസ്ഡായിരുന്നു, അദ്ദേഹം നന്നായി ഡ്രെസ് ചെയ്യുമായിരുന്നു. അഞ്ചോ ആറോ വയസുള്ളപ്പോള്‍ എനിക്ക് സ്യൂട്ട് ധരിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.
നമ്മുടെ ശരീരം എങ്ങനെയാണെന്ന് മനസിലാക്കണം. പ്രത്യേക രീതിയിലുള്ള ഷോള്‍ഡറാണെങ്കിലോ കുറച്ച് വയറുണ്ടെങ്കിലോ അതിനനുസരിച്ച് ഡ്രെസ് ചെയ്യണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏത് രീതിയിലുള്ള ശരീരത്തിനും നന്നായി ഡ്രെസ് ചെയ്യാനാവും. വസ്ത്രം നമ്മുടെ ശരീരത്തിന് എങ്ങനെ ചേരുമെന്നുള്ളത് നോക്കണം. ഒരുപാട് ആളുകള്‍ വില കൂടിയ വസ്ത്രം ധരിക്കുന്നത് ഞാന്‍ കാണാറുണ്ട്. എന്നാല്‍ അവര്‍ക്കത് ശരിക്ക് ചേരുന്നുണ്ടാവില്ല,’ ദുല്‍ഖര്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ഇതൊക്കെ വളരെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും താന്‍ ചിന്തിക്കാറില്ലെന്നും നന്നായി ഡ്രെസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salmaan says that he avoids negative people from his life