സീതാ രാമം എന്ന വമ്പന്‍ ഹിറ്റിന് ശേഷം ബോളിവുഡിലേക്ക് കടക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ദുല്‍ഖറിന്റെ ചുപ് റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡില്‍ വ്യാപകമായ ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡിനെ പറ്റി സംസാരിക്കുകയാണ് പ്രഭാത് ഖബറിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍.
‘സോഷ്യല്‍ മീഡിയ കാരണമാണ് ബോയ്‌കോട്ട് ബോളിവുഡ് വര്‍ധിച്ചത്. കാരണം ഒരാള്‍ക്ക് ഇപ്പോള്‍ എന്ത് വേണമെങ്കിലും എഴുതാം. ഉത്തരവാദിത്തമില്ലാത്ത അളുകള്‍ക്ക് എന്ത് അജണ്ടക്ക് വേണമെങ്കിലും തുടക്കമിടാം. കാന്‍സല്‍ കള്‍ച്ചര്‍ സൗത്ത് ഇന്ത്യയിലില്ല. ബോളിവുഡിലാണ് ഇത് ആദ്യമായി കേള്‍ക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.
‘പാന്‍ ഇന്ത്യന്‍ കോണ്‍സെപ്റ്റ് എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. ചില കഥകള്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നതായിരിക്കും. അടുത്തിടെ ഇറങ്ങിയ എന്റെ സീതാ രാമം ഒരു പട്ടാള ഉദ്യോഗസ്ഥന്റെ പ്രണയ കഥയാണ് പറയുന്നത്. അത് എവിടെ വേണമെങ്കിലും കണക്റ്റഡാവും. എന്നാല്‍ പാന്‍ ഇന്ത്യന്‍ എന്ന പദം വിചിത്രമായാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. കര്‍വാന്‍, സോയ ഫാക്റ്റര്‍ എന്നിവയാണ് ഇതിന് മുമ്പ് പുറത്തിറങ്ങിയ ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രങ്ങള്‍.
സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചുപില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുങ്ങുന്നത്.
അതേസമയം സെപ്റ്റംബര്‍ രണ്ടിന് സീതാ രാമത്തിന്റെ ഹിന്ദി വേര്‍ഷന്‍ റിലീസ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഒ.ടി.ടിയിലും റിലീസ് ചെയ്ത സീതാ രാമത്തിന് മികച്ച അഭിപ്രായമാണ് ഒ.ടി.ടി പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: dulquer salmaan says that boycott bollywood trend increases due to social media