|

ചില ആളുകള്‍ വിളിച്ചിട്ട് കയ്യില്‍ പാന്‍ ഇന്ത്യന്‍ സബ്‌ജെക്റ്റ് ഉണ്ടെന്ന് പറയും, അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്യും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവിലെ ട്രെന്‍ഡ് നോക്കി എല്ലാ സംവിധായകര്‍ക്കും പാന്‍ ഇന്ത്യന്‍ സിനിമ ഉണ്ടാക്കാന്‍ അറിയാമെന്ന് പറയുന്നത് മനസിവുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ബിരിയാണി ഉണ്ടാക്കുന്നത് പോലെ ചില ചേരുവകള്‍ ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ സിനിമ നിര്‍മിക്കാന്‍ പറ്റുമോയെന്നും ക്ലബ്ബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

‘ചില ആളുകള്‍ വിളിച്ചിട്ട് എന്റെ കയ്യില്‍ പാന്‍ ഇന്ത്യന്‍ സബ്‌ജെക്റ്റ് ഉണ്ടെന്ന് പറയും. അപ്പോള്‍ തന്നെ നമുക്ക് പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യും. ഓരോ കഥയും ഒരു നാടിന്റെയോ, ഒരു വ്യക്തിയുടെയോ കഥയാണ്. പിന്നീട് കൊമേഴ്‌സ്യലാക്കാനോ എന്റെര്‍ടെയ്‌നിങ്ങാക്കാനോ അതിലേക്ക് വേണ്ട ഘടകങ്ങള്‍ ചേര്‍ത്തുകൊടുക്കാം, നല്ല കാസ്റ്റിങ്ങ് വെക്കാം, നല്ല മ്യൂസിക് ചെയ്യാം, നല്ല പ്രൊഡക്ഷന്‍ വാല്യൂസ് കൊടുക്കാം. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും മാത്രമേ എനിക്ക് മനസിലായിട്ടുള്ളൂ.

ചിലത് ഇന്ത്യന്‍ കഥകളായിരിക്കും. ഒരു മലയാളി കഥയോ, തമിഴ് കഥയോ, തെലുങ്ക് കഥയോ മാത്രം ആയിരിക്കില്ല. അത് പോലെത്തെ സിനിമകള്‍ക്ക് വേണ്ടിയാണ് എന്റെ യാത്ര. അല്ലാതെ നമ്മളിപ്പോള്‍ പാന്‍ ഇന്ത്യന്‍ സിനിമയാണ് ട്രെന്‍ഡ് എന്ന് വെച്ചിട്ട് എങ്ങനെയാണ് സിനിമ നിര്‍മിക്കുന്നത്, എനിക്ക് മനസിലാവുന്നില്ല.

ബിരിയാണി ഉണ്ടാക്കുന്നത് പോലെ ചില ചേരുവകള്‍ ചേര്‍ത്ത് പാന്‍ ഇന്ത്യന്‍ സിനിമ നിര്‍മിക്കാന്‍ പറ്റുമോ? ഒരുപക്ഷേ രാജമൗലി സാറിനോ പ്രശാന്ത് നീലിനോ അറിയാമായിരിക്കും. എല്ലാ സിനിമാ സംവിധായകര്‍ക്കും പെട്ടെന്ന് പാന്‍ ഇന്ത്യന്‍ സിനിമ ഉണ്ടാക്കാനറിയാം എന്ന് പറയുന്നത് എങ്ങനെയാണ്,’ ദുല്‍ഖര്‍ ചോദിക്കുന്നു.

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍, സിനിമ പദപ്രയോഗത്തോടുള്ള എതിര്‍പ്പ് നേരത്തെ തന്നെ പല അഭിമുഖങ്ങളിലും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ‘ഈ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന പാന്‍ ഇന്ത്യന്‍ സിനിമകള്‍ എന്നതുകൊണ്ട് എന്താണ് ശരിക്കും ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ശരിക്കും മനസിലായിട്ടില്ല. ഒരുപക്ഷെ ഞാന്‍ നിങ്ങള്‍ പറയുന്ന പോലെയുള്ള ഒരു സ്റ്റാര്‍ അല്ലാത്തത് കൊണ്ടായിരിക്കാം അത്തരം സിനിമകള്‍ ചെയ്യാത്തത്.

അല്ലെങ്കില്‍ അത്തരം മാസ് പടങ്ങള്‍ ഞാന്‍ ഇതുവരെ തെരഞ്ഞെടുക്കാത്തത് കൊണ്ടാകാം, അത്തരം പടങ്ങള്‍ എന്നെ തേടി വരാത്തത് ആയിരിക്കും. പിന്നെ എന്നെ വെച്ച് അത്തരം പടങ്ങള്‍ ചെയ്ത് കാശ് വാരാന്‍ പറ്റാത്തത് കൊണ്ടുമാകാം. അങ്ങനെ കുറെ കാരണങ്ങളുണ്ടെന്ന് തോന്നുന്നു,’ അടുത്തിടെ ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപാണ് ഏറ്റവും പുതുതായി പുറത്ത് വന്ന ദുല്‍ഖര്‍ ചിത്രം. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Content Highlight: Dulquer Salmaan says Some people call and say they have a pan Indian subject, and he will hang up soon