മലയാളത്തില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. മറ്റ് തെന്നിന്ത്യന്‍ സിനിമകളെ പോലെ മലയാളം ഇന്‍ഡസ്ട്രിയെ ഒരു പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് കിങ് ഓഫ് കൊത്ത എത്തിക്കുമെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
കിങ് ഓഫ് കൊത്ത വാണിജ്യ സാധ്യതയുള്ള ഒരു പരീക്ഷണ ചിത്രമാണെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് ഇപ്പോള്‍ പരീക്ഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആ പരീക്ഷണം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിങ് ഓഫ് കൊത്ത ഒരുക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. ട്രൈഡ് ആന്‍ഡ് റിഫ്യൂസ്ഡ് പ്രൊഡക്ഷന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘ഇപ്പോള്‍ കുറച്ചുകൂടി വലിയ സിനിമകളെ പറ്റി എനിക്ക് ചിന്തിക്കാന്‍ പറ്റും. എന്റെ പ്രൊഡക്ഷന്‍ ഹൗസ് ചെയ്യുന്ന ഏറ്റവും വലിയ സിനിമയാണ് കിങ് ഓഫ് കൊത്ത. അത് കുറച്ചുകൂടി കൊമേഴ്‌സ്യല്‍ ആസ്‌പെക്ടുള്ള സിനിമയാണ്. എങ്കിലും സ്‌ക്രിപ്റ്റില്‍ കോണ്‍ഫ്‌ളിക്ടുകള്‍ വരുന്നുണ്ട്. ഇത് പരീക്ഷണം നടത്താനുള്ള സമയമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ പരീക്ഷണം എല്ലാവരിലേക്കും എത്തണം. കിങ് ഓഫ് കൊത്തയുടെ പാക്കേജ് അങ്ങനെയായിരിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.
‘സിനിമ ചെയ്യുന്നതാണ് എന്റെ പാഷന്‍. എനിക്ക് ഒരിക്കലും പല ഭാഷകളില്‍ അഭിനയിക്കണമെന്നുള്ള പ്ലാനിങ് ഒന്നുമില്ലായിരുന്നു. ഒരു കഥ കേട്ടിട്ട് അത് നല്ലതാണെന്ന് തോന്നുകയാണെങ്കില്‍, ഏത് ഭാഷയില്‍ നിന്നുള്ളതാണെങ്കിലും എനിക്ക് അവിടെ റെക്കഗനീഷനോ മാര്‍ക്കറ്റോ ഉണ്ടെങ്കില്‍ ഞാനത് ചെയ്യും. എവിടെയാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകണം. എന്റെ ഫില്‍മോഗ്രഫിയില്‍ പൊതുവായ ഒരു ഘടകം അതാണ്. എല്ലാ ഇന്‍ഡസ്ട്രിയേയും ഒന്നാക്കുന്നതും അതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
KOK എന്ന ചുരുക്കപ്പേരില്‍ കൂടിയെത്തുന്ന കിങ് ഓഫ് കൊത്ത ബിഗ് ബജറ്റ് ചിത്രമാണ്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളസിനിമക്കൊപ്പം കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹേയ് സിനാമിക, സീതാ രാമം, ചുപ് എന്നീ മറ്റു ഭാഷ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്
ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, ഷബീര്‍ കല്ലറക്കല്‍, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Contgent Highlight: dulquer salmaan says king of kotha is an experimental movie