ഒപ്പം അഭിനയിക്കാന്‍ താല്‍പര്യമുള്ള ബോളിവുഡ് താരങ്ങളെ പറ്റി മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
‘ചുപില്‍ ആര്‍. ബാല്‍കി സാര്‍ നല്ല ഒരു കോമ്പിനേഷനാണ് ചെയ്തുവെച്ചിരിക്കുന്നത്. സണ്ണി ഡിയോളുമായുള്ള കോമ്പിനേഷന്‍ സീനുകളും ഇന്ററസ്റ്റിങ്ങാണ്.
ഷാരൂഖ് ഖാന്റെയും അമിതാഭ് ബച്ചന്റെയും വലിയ ആരാധകനാണ് ഞാന്‍. അവര്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടണമെന്ന് ആഗ്രഹമുണ്ട്. ആലിയ ഭട്ടിന്റേയും ദീപിക പദുക്കോണിന്റേയും വര്‍ക്കുകള്‍ വലിയ ഇഷ്ടമാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ആളുകള്‍ വളരെ മോശമായി തന്നെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയതിനെ പറ്റിയും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും പറഞ്ഞു. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്’
നെഗറ്റീവ് റിവ്യൂകള്‍ കാണുമ്പോള്‍ വാപ്പച്ചിയോട് സംസാരിച്ചിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. 80കളില്‍ തന്നെ വിമര്‍ശിച്ചവര്‍ ഇന്നില്ലെന്നും ഇതൊന്നും വായിച്ച് പ്രയാസപ്പെടേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 23നാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചുപ് റിലീസ് ചെയ്യുന്നത്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുങ്ങുന്നത്.
Content Highlight: dulquer salmaan says he loves alia bhatt and deepika padukon’s works