| Saturday, 17th September 2022, 4:30 pm

സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയാല്‍ പോലും പ്രതിഫലം ഉയര്‍ത്തില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയില്‍ വിജയകരമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്താം വര്‍ഷത്തില്‍ ഹേ സിനാമിക പോലൊരു വിജയവും സീതാ രാമം പോലൊരു വമ്പന്‍ ഹിറ്റും അദ്ദേഹത്തിന് ലഭിച്ചു. സിനിമയുടെ ജയപരാജയങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുകയാണ് ദുല്‍ഖര്‍. സിനിമ ആയാല്‍ വിജയവും പരാജയവും സംഭവിക്കുമെന്നും അതിനെ പറ്റി താന്‍ അധികം ചിന്തിക്കാറില്ലെന്നും ന്യൂസ് 18യോട് ദുല്‍ഖര്‍ പറഞ്ഞു.

‘ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ചെയ്യുന്ന കമന്റുകള്‍ എനിക്ക് ഇഷ്ടമാണ്. അത് ഞാന്‍ വളരെ സ്‌പെഷ്യലായി കാണും. മിക്കപ്പോഴും ഞങ്ങളുടെ പരിശ്രമങ്ങള്‍ കാണാതെ ആളുകള്‍ കുറ്റപ്പെടുത്താറുണ്ട്. പലപ്പോഴും വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അവര്‍ അത് മനസിലാക്കുന്നത്.

തൊട്ടതെല്ലാം പൊന്നാവുകയാണെങ്കില്‍ വിജയത്തിന്റെ സൃഷ്ടാവാണെന്നൊരു ചിന്ത ഉണ്ടാവും. അങ്ങനെയല്ല പോവേണ്ടത്. ഒരു സിനിമ വിജയിക്കുകയാണെങ്കില്‍ അതിന് കാരണം കണ്ടന്റാണ്, ഞാനല്ല. ഒരു സിനിമ പ്രേക്ഷകര്‍ സ്‌നേഹിക്കുന്നതിന്റേയും സ്വീകരിക്കുന്നതിന്റെയും നിരസിക്കുന്നതിന്റെയുമൊക്കെ അടിസ്ഥാനം അതിന്റെ കഥയാണ്.

എപ്പോഴൊക്കെ വിജയം ഉണ്ടായിട്ടുണ്ടോ അതിന് പിന്നാലെ തന്നെ പരാജയങ്ങളും സംഭവിച്ചിട്ടുണ്ട്. അതിനാല്‍ വിജയങ്ങളോടും പരാജയങ്ങളോടും അത്ര അറ്റാച്ച്‌മെന്റ് കാണിക്കാറില്ല. വലിയ പരിശ്രമം ഇട്ട് ഒരു സിനിമ ചെയ്ത് വിജയിക്കുകയാണെങ്കില്‍ അത് ആരെയാണെങ്കിലും സന്തോഷിപ്പിക്കും.

ചില സിനിമകള്‍ തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും ഒ.ടി.ടി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും. ഹേ സിനാമികക്ക് അതാണ് സംഭവിച്ചത്. ഒ.ടി.ടിയില്‍ കണ്ടതിന് ശേഷം ചില പ്രേക്ഷകര്‍ക്ക് അതിലെ എന്റെ കഥാപാത്രവും പ്രകടനവും ഇഷ്ടപ്പെട്ടു.

വിജയത്തേയും പരാജയത്തേയും പറ്റി അധികം ചിന്തിക്കാറില്ല. ഒരു സിനിമ വലിയ ബ്ലോക്ക് ബസ്റ്റര്‍ ആയാല്‍ എന്തോ വലിയ കാര്യം ചെയ്തുവെന്നോ സൂപ്പര്‍ സ്റ്റാറായെന്നോ ചിന്തിക്കില്ല. എന്റെ പ്രതിഫലം ഉയര്‍ത്തുന്നതിനോ അടുത്ത സിനിമയുടെ ബജറ്റ് ഉയര്‍ത്തുന്നതിനോ ആ വിജയം ഉപയോഗിക്കില്ല. വരുന്ന പ്രോജക്റ്റുകളില്‍ ഇന്‍ട്രോ സീനില്‍ സൂപ്പര്‍ ഹീറോ ടൈപ്പ് എന്‍ട്രി തരണമെന്ന് ആവശ്യപ്പെടില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight:  Dulquer Salmaan says even if the film becomes a blockbuster, it will not be used to increase the remuneration

We use cookies to give you the best possible experience. Learn more